ഉന്നത ജീവിത നിലവാരത്തിൽ മുൻനിരയിൽ ദോഹയും
text_fieldsദോഹ: ജീവിതനിലവാര സൂചികയിൽ ഏഷ്യയിലെ മുൻനിര നഗരങ്ങളിൽ ഒന്നായി ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയും. നുംബിയോ സൂചിക ഈ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ ഏഷ്യയിലെ 62 പട്ടണങ്ങളിൽ ദോഹ മൂന്നാമതെത്തി. അതിവേഗത്തിലെ ആധുനികീകരണം, സാംസ്കാരിക സമ്പന്നത, താമസക്കാരുടെ ക്ഷേമത്തിനും സംതൃപ്തിക്കും മുൻഗണന എന്നിവയുമായി ലോകോത്തര നിലവാരത്തിലേക്കുള്ള ദോഹയുടെ കുതിപ്പിനുള്ള അംഗീകാരം കൂടിയാണ് റാങ്കിങ്.
പൊതുജനങ്ങളുടെ വാങ്ങൽ ശേഷി, സുരക്ഷ, ആരോഗ്യ സംരക്ഷണ നിലവാരം, ജീവിതച്ചെലവ്, ഗതാഗത യാത്രാസമയം, മലിനീകരണ നിലവാരം, കാലാവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നുംബിയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളെ വിലയിരുത്തുന്നത്.
ജീവിതനിലവാര സൂചികയിൽ മികച്ച നേട്ടം കൊയ്ത ദോഹ, വാങ്ങൽ ശേഷിയിൽ നിരവധി നഗരങ്ങളെ പിന്നിലാക്കി. സുരക്ഷാ സൂചികയിലും ആരോഗ്യ സംരക്ഷണ സൂചികയിലും മികച്ച സ്ഥാനം നേടിയപ്പോൾ ജീവിതച്ചെലവ് സൂചികയിൽ ശരാശരിക്കും താഴെയായി.
അബൂദബി, മസ്‌കത്ത് എന്നീ നഗരങ്ങളാണ് റാങ്കിങ്ങിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ. രാജ്യത്തിന്റെ വിവിധ മേഖലയിലെ സാമ്പത്തിക കുതിപ്പിന്റെ ഫലം കൂടിയാണ് ജീവിതനിലവാര സൂചികയിലെ പ്രകടനം. എണ്ണ, വാതക മേഖലകൾക്കപ്പുറം സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കുന്നതിൽ ഖത്തർ ഭരണകൂടം ഗണ്യമായ മുന്നേറ്റം നടത്തിയത് രാജ്യത്തെ സ്വദേശികളും താമസക്കാരുമുൾപ്പെടെയുള്ളവരുടെ ജീവിത നിലവാരം ഉയർത്താൻ സഹായകമായി.
അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, സുസ്ഥിരതാ സംരംഭങ്ങൾ എന്നിവയിൽ വലിയതോതിലുള്ള നിക്ഷേപമാണ് രാജ്യം കഴിഞ്ഞ കാലങ്ങളിൽ നടത്തിയിരിക്കുന്നത്. ദോഹയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിൽ പ്രകടമായ പുരോഗതിക്ക് കാരണമായി. പ്രവാസികൾക്കും പ്രഫഷനലുകൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആകർഷകമായ ഒരു നഗരമായി ഇതു ദോഹയെ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.