റെക്കോഡ് കുറിച്ച് ക്രൂസ് സീസൺ
text_fieldsക്രൂസ് സീസണിൽ അവസാനമായി ദോഹ തുറമുഖത്തെത്തിയ നോർവീജയൻ സ്കൈൻ
ദോഹ: യുദ്ധവും സംഘർഷവും ഉൾപ്പെടെ സങ്കീർണമായ സാഹചര്യത്തിലും ഖത്തറിലെ ക്രൂസ് സീസണിൽ സഞ്ചാരികളുടെ ഒഴുക്ക്. അഞ്ചു മാസത്തിലേറെ നീണ്ടു നിന്ന ക്രൂസ് വിനോദ സഞ്ചാര സീസൺ സമാപിച്ചപ്പോൾ കപ്പലുകളുടെയും യാത്രക്കാരുടെയും വരവിൽ റെക്കോഡ് കുറിച്ചതായി മവാനി ഖത്തർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ ആദ്യ വാരത്തിൽ ആരംഭിച്ച ക്രൂസ് സീസണിൽ ഇത്തവണ 87 കപ്പലുകളിലായി 3.96 ലക്ഷം യാത്രക്കാർ ഖത്തറിലെത്തി. മുൻ സീസണിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധനയുണ്ടായി. കപ്പലുകളുടെ എണ്ണത്തിൽ 19 ശതമാനവും വർധനയുണ്ടായി.
കഴിഞ്ഞ വർഷങ്ങളിലായി ക്രൂസ് വിനോദ സഞ്ചാര മേഖലയിലെ ശക്തമായ കുതിപ്പാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. 95 ആഡംബര കപ്പലുകള്‍ ഇത്തവണയെത്തുമെന്നായിരുന്നു സീസണിന്റെ തുടക്കത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍, പശ്ചിമേഷ്യയിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ വിലങ്ങുതടിയായപ്പോൾ എണ്ണത്തിൽ കുറവുണ്ടായി. എന്നാൽ, 2023നെ അപേക്ഷിച്ച് കപ്പലുകളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. 1800 സഞ്ചാരികളുമായി ഈ മാസം 12നെത്തിയ നോര്‍വീജിയന്‍ സ്കൈ ആണ് അവസാനമെത്തിയ വമ്പന്‍ കപ്പല്‍.
ലോകത്തെ പ്രമുഖ ആഡംബര കപ്പലുകളെല്ലാം ഇത്തവണ ഖത്തര്‍ തീരത്ത് എത്തിയിരുന്നു. മെയിൻ ഷീഫ് ഫോർ, എം.എസ്.സി യുറിബിയ, എയ്ഡപ്രിമ, കോസ്റ്റ സ്മെറാൾഡ, സെലസ്റ്റിയൽ ജേണി എന്നീ അത്യാഡംബര കപ്പലുകൾ പ്രധാന സാന്നിധ്യമായി. അഞ്ച് കപ്പലുകൾക്ക് ഇത്തവണ ദോഹ തീരത്തേക്ക് കന്നിയാത്രക്കുള്ള അവസരവുമുണ്ടായിരുന്നു.
ക്രൂസ് സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ തയാറെടുപ്പാണ് ദോഹ തുറമുഖത്ത് ഒരുക്കിയത്. ഗതാഗത സൗകര്യങ്ങൾ, ആധുനിക സ്വീകരണ കേന്ദ്രം, വേഗത്തിലുള്ള നടപടി ക്രമങ്ങൾ, വിവിധ ഭാഷകളിലെ ഇൻഫർമേഷൻ പോയന്റുകൾ എന്നിവ ലഭ്യമാക്കി. ദേശീയ മ്യുസിയം, സൂഖ് വാഖിഫ്, മുഷൈരിബ് ഡൗൺടൗൺ ഉൾപ്പെടെ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രധാന സവിശേഷതയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.