അറബ് കപ്പിനൊരുങ്ങി ദോഹ മെട്രോ
text_fieldsദോഹ: ഡിസംബർ ഒന്നു മുതൽ 18 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിനും ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിനും പങ്കെടുക്കാനെത്തുന്ന ഫുട്ബാൾ ആരാധകർക്കായി മികച്ച യാത്രാസൗകര്യം ഒരുക്കാൻ ദോഹ മെട്രോയും ലുസൈൽ ട്രാമും സജ്ജമാണെന്ന് ഖത്തർ റെയിൽവേ അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ ദോഹ മെട്രോയും ലുസൈൽ ട്രാമിന്റെയും പ്രവർത്തന സമയം ദീർഘിപ്പിക്കും.
മത്സരശേഷം രാത്രി വൈകിയും ഫുട്ബാൾ ആരാധകർക്ക് താമസ സ്ഥലങ്ങളിലേക്ക് മടങ്ങാൻ ദോഹ മെട്രോയുടെ സേവനം ഉറപ്പാക്കും. മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ് സേവനങ്ങളുടെ സമയവും ദീർഘിപ്പിക്കും. കൂടാതെ, വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം മെട്രോ വഴി യാത്ര തുടരാൻ സൗകര്യമൊരുക്കുന്ന പാർക്ക് ആൻഡ് റൈഡ് സംവിധാനങ്ങൾ തിരഞ്ഞെടുത്ത സ്റ്റേഷനുകളിലും ഒരുക്കിയിട്ടുണ്ട്.
ടൂർണമെന്റുകളിലെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റെഡ് ലൈനിൽ 6 -കാർ ട്രെയിനുകൾ ഓടിക്കുമെന്നും ഖത്തർ റെയിൽ അറിയിച്ചു. സുഗമമായ യാത്ര ഉറപ്പാക്കാൻ തിരക്കേറിയ സമയങ്ങളിൽ ദോഹ മെട്രോ ഫ്ലീറ്റിൽ ആകെ 110 ട്രെയിനുകളാകും സർവസ് നടത്തുക.ടൂർണമെന്റ് നടക്കുന്ന സ്റ്റേഡിയങ്ങളുമായി പ്രധാന മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതിനായി സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷനുകൾക്കുള്ളിലും ട്രെയിനുകളിലും യാത്രക്കാർക്ക് വഴികാട്ടുന്നതിനും ഭിന്നശേഷി യാത്രക്കാരെ സഹായിക്കുന്നതിനും പരിശീലനം ലഭിച്ച ജീവനക്കാരെയും വിന്യസിക്കും. പ്രധാന മത്സര ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്റ്റേഡിയം സ്റ്റേഷനുകളിലും മറ്റ് പ്രധാന സ്റ്റേഷനുകളിലും പരിശീലനം ലഭിച്ച ഇവന്റ് ടീമുകളുടെ സേവനം ലഭ്യമാക്കും. കൂടാതെ ഈ ദിവസങ്ങളിൽ വർധിച്ച യാത്രാതിരക്ക് കണക്കിലെടുത്ത് പ്രത്യേക ടിക്കറ്റിങ് ഡെസ്കുകളും സജ്ജീകരിക്കും. പതിവിലും കൂടുതൽ യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ സ്റ്റേഷനുകളും സജ്ജമാണെന്ന് ഉറപ്പാക്കാൻ സമഗ്രമായ പരിശോധനകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, അടിയന്തര സാഹചര്യങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക മെയിന്റനൻസ് സംഘങ്ങളെയും ചുമതലപ്പെടുത്തും. ഫിഫ അറബ് കപ്പിനും ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിനും പങ്കെടുക്കുന്ന ഫുട്ബാൾ ആരാധകർക്കായി ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും മികച്ച യാത്രാനുഭവം ഉറപ്പാക്കുമെന്ന് ഖത്തർ റെയിൽ സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ചീഫ് അജ്ലാൻ ഈദ് അൽ ഇനാസി പറഞ്ഞു. മത്സര ദിവസങ്ങളിലുടനീളം സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുമെന്നും യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

