ആറു വർഷം; 22.84 കോടി യാത്രക്കാരുമായി മെട്രോ
text_fieldsദോഹ: പൊതു ഗതാഗതത്തിൽ ഖത്തറിന്റെ നട്ടെല്ലായി ദോഹ മെട്രോ ജൈത്രയാത്ര തുടരുന്നു. സേവനം ആരംഭിച്ച് ആറു വർഷം പിന്നിടുമ്പോൾ ദോഹ മെട്രോ വഴി യാത്ര ചെയ്തത് 22.84 കോടി യാത്രക്കാർ. കഴിഞ്ഞ ഒരു വർഷംകൊണ്ട് മെട്രോയിൽ സഞ്ചരിച്ചത് 2.84 കോടി യാത്രക്കാരാണ്.
സർവിസ് തുടങ്ങി ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിന്റെ ഏറ്റവും പ്രധാന പൊതുഗതാഗത സംവിധാനമായി ദോഹ മെട്രോയെ ജനങ്ങൾ ഏറ്റെടുത്തതിന്റെ അടയാളമായാണ് റെക്കോഡ് യാത്രക്കാരുടെ എണ്ണം നൽകുന്ന സൂചന. 2019 മേയ് മാസത്തിൽ യാത്ര ആരംഭിച്ച ദോഹ മെട്രോ, 2023 ജനുവരിയിലാണ് പത്ത് കോടി യാത്രക്കാർ എന്ന റെക്കോഡിലെത്തിയത്.
ആദ്യ മൂന്നര വർഷം കൊണ്ടായിരുന്നു ഈ നേട്ടമെങ്കിൽ അടുത്ത രണ്ടു വർഷത്തിൽ കുറഞ്ഞ കാലയളവിനുളിലാണ് അടുത്ത പത്ത് കോടി പേർ യാത്രക്കായി മെട്രോയെ ഉപയോഗിച്ചത്.
ലോകകപ്പ് ഫുട്ബാൾ, ഏഷ്യൻ കപ്പ് ഉൾപ്പെടെ അന്താരാഷ്ട്ര കായിക മത്സരങ്ങൾ, വിവിധ രാജ്യന്തര സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും, പെരുന്നാൾ ആഘോഷങ്ങൾ ഉൾപ്പെടെ ജനലക്ഷങ്ങൾ ഒഴുകിയെത്തിയപ്പോഴെല്ലാം ഏറെപേരും യാത്രക്കുള്ള മാർഗമായി ദോഹ മെട്രോയെ ഉപയോഗപ്പെടുത്തി.
ഖത്തറിലെ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന മെട്രോക്ക് കീഴിൽ 37 സ്റ്റേഷനുകൾ നിലവിലുണ്ട്. സ്റ്റേഷനുകളെ നഗരത്തിന്റെ ഉൾപ്രദേശങ്ങളും ജനവാസ മേഖലകളുമായി ബന്ധിപ്പിക്കുന്ന മെട്രോ ലിങ്ക് ബസുകളും, മെട്രോ എക്സ്പ്രസ് സർവീസുകളും ചേർന്നുകൊണ്ട് മെട്രോ ജനകീയ പൊതുഗതാഗതമായി മാറുന്നത്.
പുലർച്ചെ മുതൽ അർധരാത്രി വരെ ദിവസവും 20 മണിക്കൂറോളമാണ് ദോഹ മെട്രോ സർവീസ് നടത്തുന്നത്. അൽ വക്റ മുതൽ ലുസൈൽ ക്യൂ.എൻ.ബി വരെ നീണ്ടു നിൽക്കുന്ന റെഡ് ലൈൻ, അൽ അസീസിയ മുതൽ റാസ് അബൂ അബുദ് വരെയുള്ള ഗോൾഡ് ലൈൻ, മാൾ ഓഫ് ഖത്തർ മുതൽ അൽ മൻസൂറ വരെ ഗ്രീൻ ലൈൻ എന്നീ മൂന്ന് ലൈനുകളിലായി നടക്കുന്ന സർവീസിനിടയിൽ 37 സ്റ്റേഷനുകളുമുണ്ട്. മൂന്ന ലൈനുകളും ചേർന്ന് 76 കിലോമീറ്ററിൽ സർവീസ് നടത്തുമ്പോൾ ഓരോ സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് ഫീഡർ സർവിസുകൾക്ക് മെട്രോ ലിങ്ക് ബസുകളും, മെട്രോ എക്സ്പ്രസുകളും ട്രാം സർവിസുകളും ദോഹ മെട്രോയുടെ സവിശേഷതയാണ്.
30 സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 67 റൂട്ടുകളിലാണ് മെട്രോ ലിങ്ക് സർവീസ് നടത്തുന്നത്. 10 മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മെട്രോ എക്സ്പ്രസ് സർവീസും നടത്തുന്നു. ലുസൈൽ നഗരത്തെ ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്ന ലുസൈൽ ട്രാം കൂടുതൽ സർവീസുകളുമായി പൊതുഗാതഗതത്തെ സജീവമാക്കുകയും ചെയ്യുന്നു. ഉപഭോക്തൃ സംതൃപ്തി നിരക്കിൽ 99.91 ശതമാനമാണ് നിലവിലെ പ്രകടനം.
99.84 ശതമാനം കൃത്യനിഷ്ഠതയും ദോഹ മെട്രോ കഴ്ചവെക്കുന്നു. അപകട സാധ്യതാ നിരക്ക് 0.01 ശതമാനമായാണ് കണക്കാക്കുന്നത്. രാജ്യത്ത് മെട്രോ സർവീസിന്റെ വിശ്വാസ്യതയും സ്വീകാര്യതയുമെല്ലാം വർധിച്ചുവരുന്നതിന് അടിവരയിടുന്നതാണ് ഈ നേട്ടങ്ങൾ. അപകടങ്ങകളോ, അനിശ്ചിതതങ്ങളോ ഇല്ലാതെ തുടർച്ചയായ സേവന വർഷങ്ങൾ എന്ന റെക്കോഡും ദോഹ മെട്രോക്ക് മാത്രം സ്വന്തം.
ദിവസം 20 മണിക്കൂർ ഓടുന്ന മെട്രോ
ഈ പുതുവർഷത്തിലായിരുന്നു പുതിയ സമയത്തിൽ ദോഹ മെട്രോ സർവീസ് ആരംഭിച്ചത്. നേരത്തെ ദിവസം 19 മണിക്കൂറായിരുന്നെങ്കിൽ ഇപ്പോഴത് 20 മണിക്കൂറായി വർധിച്ചു. വെള്ളിയാഴ്ചകളിൽ ഉച്ച രണ്ട് മണിക്കായിരുന്നു നേരത്തെ സർവീസ് എങ്കിൽ ഈ വർഷം ജനുവരി മുതൽ രാവിലെ ഒമ്പത് മുതൽ മെട്രോ ഓടിത്തുടങ്ങുന്നു.
ശനി മുതൽ വ്യാഴം വരെ ദിവസവും രാവിലെ അഞ്ച് മുതൽ അർധരാത്രി ഒരു മണിവരെയാണ് സർവീസ്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ പുലർച്ചെ ഒരു മണിവരെയും ഓടും. പ്രവാസികൾ ഉൾപ്പെടെ താമസക്കാർക്ക് വലിയ ആശ്വാസമാണ് വാരാന്ത്യ അവധി ദിവസം നേരത്തേ ആരംഭിക്കുന്ന സർവിസ്.
ലോകകപ്പ് വേളയിൽ ആരാധകരാൽ നിറഞ്ഞ മെട്രോ സ്റ്റേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

