മാരത്തണിന് ഒരുക്കം; 15,000 ഓട്ടക്കാർ
text_fieldsദോഹ മാരത്തൺ തയാറെടുപ്പുകൾ സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദോഹ: ലോകത്തെ കരുത്തരായ മാരത്തൺ താരങ്ങൾ മുതൽ ഖത്തറിലെ സ്വദേശികളും പ്രവാസി മലയാളികളും ഉൾപ്പെടെ ആയിരക്കണക്കിന് ഓട്ടക്കാർ അണിനിരക്കുന്ന ദോഹ മാരത്തൺ ഒരുക്കങ്ങളുമായി സംഘാടകർ. ജനുവരി 17ന് നടക്കുന്ന ഉരീദു ദോഹ മാരത്തൺ മത്സരത്തിൽ ഇത്തവണ 15,000ത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 140 രാജ്യങ്ങളിൽനിന്നായാണ് പ്രഫഷനൽ-അമച്വർ ഓട്ടക്കാർ മാറ്റുരക്കാനെത്തുന്നത്.
1300 അന്താരാഷ്ട്ര ഓട്ടക്കാർ ഉൾപ്പെടെ ഇത്തവണ മത്സരിക്കുന്നതായി ഷെറാട്ടൺ ഹോട്ടലിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. 42 കി.മീ. ദൈർഘ്യമുള്ള ഫുൾ മാരത്തൺ, 21 കി.മീ. ദൈർഘ്യമുള്ള ഹാഫ് മാരത്തൺ എന്നിവക്ക് പുറമെ 10 കി.മീ, അഞ്ച് കി.മീ. എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്.
ഫുൾ മാരത്തൺ രാവിലെ ആറിന് ആരംഭിക്കും. ഹാഫ് മാരത്തൺ 7.20നാണ് സ്റ്റാർട്ട്. 21 കി.മീ. വരെ വിഭാഗങ്ങളിൽ ഭിന്നശേഷിക്കാരായ മത്സരാർഥികൾക്ക് സൗജന്യമായി രജിസ്റ്റർചെയ്യാം. ഷെറാട്ടൺ ഹോട്ടൽ പാർക്കിൽനിന്ന് തുടങ്ങുന്ന മാരത്തൺ ദോഹ കോർണിഷിലൂടെ ചുറ്റി, ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് വഴി അൽബിദ പാർക്കും കടന്ന് തിരികെ ദോഹ കോർണിഷിലേക്ക് റൗണ്ട് ചെയ്തു വന്നാണ് റൺ പുരോഗമിക്കുന്നത്. ഹോട്ടൽ പാർക്കിൽ തന്നെയാണ് മത്സരത്തിന്റെ ഫിനിഷിങ് പോയന്റും നിശ്ചയിച്ചത്.
രാജ്യത്തെ ജനങ്ങളിൽ സ്പോർട്സിന്റെയും കായികക്ഷമതയുടെയും സന്ദേശം പകരുകയാണ് ദോഹ മാരത്തണിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
തുടർച്ചയായി രണ്ടാം തവണയും വേൾഡ് അത്ലറ്റിക്സിൽനിന്ന് ദോഹ മാരത്തണിന് ഗോൾഡ് ലേബൽ ലഭിച്ചതായി സംഘാടക സമിതി വൈസ് ചെയർപേഴ്സൻ സബാഹ് റാബിയ അൽ കുവാരി അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലെ സംഘാടനത്തിനുള്ള അംഗീകാരമായാണ് ഗോൾഡ് ലേബൽ. വിവിധ വിഭാഗങ്ങളിൽ വിജയികളാവുന്നവർക്ക് വൻതുകയാണ് സമ്മാനം. മത്സരത്തിലൂടെ സമാഹരിക്കുന്ന തുകയിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കും.
മാരത്തൺ റേസിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി സംഘാടകസമിതി അംഗവും ഇവന്റ് ഡയറക്ടറുമായ മോസ ഖാലിദ് അൽ മുഹന്നദി അറിയിച്ചു. ആരാധകർക്കും കാണികൾക്കുമുള്ള സൗകര്യങ്ങളും കുട്ടികൾക്കുള്ള മേഖലകളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള കിഡ്സ് ഫൺ റൺ 16ന് നടക്കും. രജിസ്റ്റർ ചെയ്തവർക്കുള്ള ബിബും ടി ഷർട്ടും ഉൾപ്പെടെ കിറ്റ് കലക്ഷൻ 14,15, 16 തീയതികളിലായി ഹോട്ടൽ പാർക്കിൽ നടക്കും.
കഴിഞ്ഞ വർഷം 13,000ത്തോളം പേരാണ് പങ്കെടുത്തത്. പുരുഷ വിഭാഗത്തിൽ യുഗാണ്ടയുടെ മുൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് സോളമൻ മുതായും വനിതകളിൽ കെനിയയുടെ വലാരി ജെമലിയുമാണ് ജേതാക്കളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

