കോർണിഷ് നിറഞ്ഞ് മാരത്തൺ ആവേശം
text_fieldsകോർണിഷിൽ നടന്ന ഉരീദു ദോഹ മാരത്തണിൽനിന്ന്
ദോഹ: സൂര്യൻ ഉദിച്ചുയരും മുമ്പേ ഖത്തറിലെ കായിക പ്രേമികൾ ഉണർന്ന വെള്ളിയാഴ്ച. അതിരാവിലെ പോരാട്ടങ്ങൾക്ക് വെടിമുഴക്കം കേൾക്കും മുമ്പേ ദോഹ കോർണിഷ് ചെങ്കടൽ പോലെ വെട്ടിത്തിളങ്ങി തുടങ്ങി. 42 കിലോമീറ്റർ മുതൽ അഞ്ചു കിലോമീറ്റർ വരെ വിവിധ വിഭാഗങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 15,000പേർ ഓടാനിറങ്ങിയ പ്രഭാതം. മേഖലയിലെതന്നെ ശ്രദ്ധേയമായ മാരത്തൺ പോരാട്ടമായി മാറിയ ഉരീദു ദോഹ മാരത്തണിന്റെ 14ാമത് പതിപ്പ് ചരിത്ര സംഭവമായി കൊടിയിറങ്ങി.
ഒളിമ്പിക്സ്- ലോകതാരങ്ങളും വിവിധ രാജ്യങ്ങളിലെ പ്രഫഷനൽ മാരത്തൺ ഓട്ടക്കാരും മുതൽ ഖത്തറിലെയും വിവിധ ഗൾഫ് രാജ്യങ്ങളിലെയും പ്രവാസികളായ മത്സരപ്രേമികൾ വരെ അണിനിരന്ന മത്സരം ഇത്തവണ പങ്കാളിത്തംകൊണ്ട് ചരിത്രം സൃഷ്ടിച്ചു.
മാരത്തണിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കെനിയയുടെ ഇസ്റ കിപ്കെറ്റർ തനുയി
കെനിയയുടെ ഇസ്റ കിപ്കെറ്റർ തനുയി 2 മണിക്കൂർ 07:28 മിനിറ്റ് എന്ന സമയത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത് ദോഹ മാരത്തൺ പുരുഷ വിഭാഗത്തിലെ വിജയിയായി. ഇത്യോപ്യയുടെ യിഹുൻലെ ബാലേ രണ്ടും (2:07:36), തഫ മിത്കുവും (2:07:40) മൂന്നും സ്ഥാനക്കാരായി.
ഫുൾ മാരത്തൺ ആദ്യ നൂറിൽ ഇടം പിടിച്ചുകൊണ്ട് മൂന്ന് ഇന്ത്യക്കാരും ഫിനിഷ് ചെയ്തു. മലയാളിയായ അബ്ദുൽ നാസർ പെരിങ്ങോടൻ (29ാം സ്ഥാനം) നേടി. മുഹമ്മദ് ഷംസീറാണ് (70) മറ്റൊരു മലയാളി. വനിതകളിൽ ആദ്യ മൂന്ന് സ്ഥാനത്തിനും ഇത്യോപ്യൻ ഓട്ടക്കാർ അർഹരായി. വേൾഡ് അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ ജേതാവായ എത്ലെമ നിൻറ്റ്യാഹുവാണ് 2 മണിക്കൂർ 21:43 മിനിറ്റ് സമയത്തിൽ ഒന്നാം സ്ഥാനത്തെത്തി സ്വർണം ചൂടിയത്.
ഇത്യോപ്യക്കാരായ സെഗ മുലുഹബാത്, സെൻബെറ്റ സിന എന്നിവർ സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടും മൂന്നും സ്ഥാനക്കാരായി. അഞ്ച് കിലോമീറ്റർ, 10 കിലോമീറ്റർ, ഹാഫ് മാരത്തണായ 21 കി.മീ വിഭാഗങ്ങളിലും വിവിധ പ്രായ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.
ഹാഫ് മാരത്തൺ ഫിനിഷ് ചെയ്ത മലയാളികളായ സി.സി. നൗഫൽ, ഷെരിഫ് ഗനി, സഞ്ജോ തോമസ്, ടിജു തോമസ് എന്നിവർ
140 രാജ്യങ്ങളിൽ നിന്നായാണ് പ്രഫഷനൽ-അമച്വർ ഓട്ടക്കാർ ഇത്തവണ മത്സരിച്ചത്. ഷെറാട്ടൺ ഹോട്ടൽ പാർക്കിൽനിന്നും തുടങ്ങി ദോഹ കോർണിഷിലൂടെ ഗ്രാൻഡ് ഹമദ് സ്ട്രീറ്റ്-അൽബിദ പാർക്ക് ചുറ്റി തിരികെ കോർണിഷിലൂടെ തന്നെ ഹോട്ടൽ പാർക്കിൽ ഫിനിഷ് ചെയ്യുന്ന വിധത്തിലായിരുന്നു ക്രമീകരണം.
രാവിലെ ആറിനായിരുന്നു ആദ്യ റണ്ണിനുള്ള തുടക്കമെങ്കിലും അഞ്ച് മണിയോടെ തന്നെ കോർണിഷ് സജീവമായിരുന്നു. വ്യാഴാഴ്ച രാത്രി മുതൽ മേഖലയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. വീൽചെയറിലേറി ഖത്തറിൽ ഗാനിം അൽ മുഫ്തയും ഓട്ടക്കാർക്കൊപ്പം അണിനിരന്നത് ആവേശക്കാഴ്ചയായി. ഭിന്നശേഷിക്കാരായ ഓട്ടക്കാർക്കും മത്സരമൊരുക്കിയിരുന്നു.
മുൻ ഫ്രഞ്ച് ഫുട്ബാൾ താരം നിക്കോളസ് അനൽക കുട്ടികൾക്കൊപ്പം ദോഹ മാരത്തണിൽ പങ്കെടുക്കുന്നു
സംഘാടന കൊണ്ടും അനുകൂലമായ കാലാവസ്ഥ കൊണ്ടും ഇത്തവണ ദോഹ മാരത്തൺ കൂടുതൽ ശ്രദ്ധേയമായതായി മത്സരാർഥികൾ പങ്കുവെച്ചു.
ചെറിയ ദൂര ഇടവേളയിൽ കുടിവെള്ള പോയന്റ്, മാർഷൽമാരുടെ സഹായം ഉൾപ്പെടെ മികച്ച സജ്ജീകരണങ്ങളായിരുന്നു ഒരുക്കിയത്. ഫിനിഷ് ചെയ്ത എല്ലാവർക്കും മെഡൽ സമ്മാനിച്ചായിരുന്നു യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

