ദോഹ ഇന്ന് നിറഞ്ഞോടും
text_fieldsദോഹ മാരത്തൺ സംഘാടകരും ഖത്തർ അത്ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും മാരത്തൺ താരങ്ങൾക്കൊപ്പം
ദോഹ: ഖത്തറിന്റെ തലസ്ഥാന നഗരിയിൽ ഇന്ന് പ്രഭാതമുണരുന്നത് ദോഹ കോർണിഷിൽ നിറഞ്ഞു കവിഞ്ഞ ഓട്ടക്കാരുടെ സാന്നിധ്യവുമായാവും. 140 രാജ്യങ്ങളില്‍നിന്ന് 15,000 ത്തോളം ഓട്ടക്കാർ പങ്കെടുക്കുന്ന ദോഹ മാരത്തൺ കുതിപ്പിന് വെള്ളിയാഴ്ച രാവിലെ തുടക്കമാകും.
മുൻവർഷത്തേക്കാൾ രണ്ടായിരത്തോളം പേർ അധികം പങ്കെടുക്കുന്ന മാരത്തണിൽ ഇത്തവണ റെക്കോഡ് പങ്കാളിത്തമാണുള്ളതെന്ന് സംഘാടകർ അറിയിച്ചു. ദോഹ കോർണിഷും, സമീപ റോഡുകളും വേദിയാകുന്ന 42 കി.മീ ദൈർഘ്യമുള്ള മാരത്തണിന് തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ് ഫുൾ മാരത്തൺ മത്സരത്തിന് തുടക്കം കുറിക്കുന്നത്. 21 കി. മീ ദൈർഘ്യമുള്ള ഹാഫ് മാരത്തണിന് 6.20നും, 10 കി.മീ മത്സരത്തിന് 8.15നും,അഞ്ച് കി.മീ ഓട്ടത്തിന് 8.40നും തുടക്കമാകും.
ദോഹ മാരത്തണിലെ 42 കി.മീ ദൈർഘ്യമുള്ള ഫുൾ മാരത്തൺ മത്സരത്തിന്റെ റൂട്ട്
ഷെറാട്ടൺ ഹോട്ടൽ പാർക്കിൽനിന്നും തുടങ്ങുന്ന മാരത്തൺ ദോഹ കോർണിഷിലൂടെ ചുറ്റി ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് വഴി അൽബിദ പാർക്കും കടന്ന് തിരികെ ദോഹ കോർണിഷിലേക്ക് റൗണ്ട് ചെയ്തു വന്നാണ് റൺ പുരോഗമിക്കുന്നത്. ഹോട്ടൽ പാർക്കിൽതന്നെയാണ് മത്സരത്തിന്റെ ഫിനിഷിങ് പോയന്റും നിശ്ചയിച്ചത്. മാരത്തണിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി മുതല്‍ കോര്‍ണിഷില്‍ ഗതാഗത നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 10ന് തുടങ്ങിയ നിയന്ത്രണം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുവരെ തുടരും.
പുരുഷ, വനിത വിഭാഗങ്ങളിലായി വമ്പൻ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇതോടൊപ്പം മത്സരാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് റാഫിൾ നറുക്കെടുപ്പുമുണ്ട്. 10 ലക്ഷം റിയാലും രണ്ട് ടൊയോട്ട കാറുകളും വിജയികൾക്ക് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

