ദോഹ- കോഴിക്കോട് വിമാനം മുടങ്ങി; യാത്രക്കാരെ വട്ടംകറക്കി എയർഇന്ത്യ എക്സ്പ്രസ്
text_fieldsദോഹ: ഖത്തറിൽ നിന്നും വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരുന്ന യാത്രക്കാരെ പെരുവഴിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളിയാഴ്ച രാവിലെ 11.50ന് ദോഹയിൽ നിന്നും കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 376 വിമാനം പുറപ്പെടാനിരിക്കെ റദ്ദാക്കിയതോടെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെ മലയാളി യാത്രക്കാർ ദുരിതത്തിലായത്. ദോഹ ഹമദ് വിമാനത്താവളത്തിൽ നിന്നും ചെക്ക് ഇന്നും ബോർഡിങും കഴിഞ്ഞ് വിമാനത്തിൽ കയറിയ ശേഷമായിരുന്നു സാങ്കേതിക തകരാർ ചൂണ്ടികാട്ടി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയത്. ഒരു മണിക്കൂറോളം വിമാനത്തിലിരുന്ന ശേഷം, എല്ലാവരെയും പുറത്തിറക്കുകയായിരുന്നു. ഒന്നര മണിക്കൂറിനുള്ളിൽ പുറപ്പെടാൻ കഴിയുമെന്ന പ്രതീക്ഷ നൽകിയെങ്കിലും വൈകുന്നേരത്തോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനത്തിന് പുറപ്പെടാൻ കഴിയാതായതോടെ വെള്ളിയാഴ്ചത്തെ സർവീസ് റദ്ദാക്കുകയായിരുന്നു. ഗർഭിണികളും, പ്രായമായവരും ഉൾപ്പെടെ നിരവധി പേരാണ് ഇതേ തുടർന്ന് യാത്ര മുടങ്ങി പെരുവഴിയിലായത്.
ഇവരിൽ ഒരു വിഭാഗത്തെ വെള്ളിയാഴ്ച രാത്രിയിലെ കണ്ണൂർ വിമാനത്തിലും, കുറച്ചുപേർക്ക് ശനിയാഴ്ചത്തെ കോഴിക്കോട്, കണ്ണൂർ വിമാനത്തിലും ടിക്കറ്റ് നൽകി യാത്രാ സൗകര്യം ഒരുക്കി. എന്നാൽ, കൂടുതൽ പേരും എന്ന് യാത്ര സാധ്യമാവുമെന്നറിയാതെ ശനിയാഴ്ച വൈകിയും ഹോട്ടലുകളിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. ചെക്ക് ഇൻ ചെയ്ത് ലഗേജുകളെല്ലാം നൽകിയ ശേഷം യാത്ര മുടങ്ങിയതിനാൽ ഏറെ പേർക്കും മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ പോലും കൈയിലില്ലാതെയാണ് ഹോട്ടലിൽ കഴിയുന്നത്. യാത്രമുടങ്ങിയവരെ മറ്റു ഷെഡ്യൂളുകളിലായി ടിക്കറ്റ് നൽകി നാട്ടിലെത്തിക്കാനാണ് ഇപ്പോൾ വിമാനത്താവള അധികൃതരുടെ ശ്രമം.
അതേമസയം, ശനിയാഴ്ച രാവിലെ കോഴിക്കോട്ടെത്തിയവരിൽ ചിലർക്ക് ലഗേജുകൾ ലഭ്യമായില്ലെന്നും പരാതിയുണ്ട്. വാർഷിക അവധിക്കായി കുടുംബസമേതവും മറ്റും നാട്ടിലേക്ക് മടങ്ങാനിരുന്ന യാത്രകാരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥയെ തുടർന്ന് പെരുവഴിയിലായത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ വിമാനത്താവളത്തിലെത്തിയ ശേഷം വൈകുന്നേരം 4.30 വരെ അനിശ്ചിതത്വത്തിൽ കാത്തിരുന്ന ശേഷമാണ് ഹോട്ടലിൽ എത്തിച്ചതെന്ന് യാത്രക്കാരനായ മലപ്പുറം സ്വദേശി ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
വെള്ളിയാഴ്ചത്തെ നാടകീയതകൾക്കു ശേഷം, ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്തിൽ ടിക്കറ്റുണ്ടെന്ന് അറിയിച്ച് വിമാനത്താവളത്തിലെത്തിച്ച ശേഷം, നിരാശനായി ഹോട്ടലിലേക്ക് മടങ്ങിയ അനുഭവമാണ് കൊയിലാണ്ടി നന്തി സ്വദേശി ഇഫ്തികാറിന് പങ്കുവെക്കാനുള്ളത്. ഭാര്യക്കും മക്കൾക്കുമൊപ്പം വിമാനത്താവളത്തിലെത്തിയ ശേഷമായിരുന്നു എയർലൈൻ അധികൃതർ നൽകിയ ലിസ്റ്റിൽ പേരില്ലെന്ന് അറിയിച്ചത്. ഇതേ തുടർന്ന് പരാതി ഉന്നയിച്ചതോടെ രാത്രിയിലെ കണ്ണൂർ വിമാനത്തിൽ ടിക്കറ്റ് ലഭിച്ച ഇദ്ദേഹം നാട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

