ദോഹ -കോഴിക്കോട് എയർഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു
text_fieldsദോഹ: ഖത്തറിൽ നിന്നും കോഴിക്കോട്ടേക്ക് വ്യാഴാഴ്ച രാത്രിയിൽ പുറപ്പെടേണ്ടിയിരുന്നു എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. രാത്രി എട്ട് മണിയോടെ ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് വെള്ളിയാഴ്ച പുലർന്നിട്ടും ദോഹയിൽ നിന്നും പുറപ്പെടാതെ 150ഓളം യാത്രക്കാരെ വലക്കുന്നത്. സാങ്കേതിക തകരാർ കാരണമാണ് യാത്ര വൈകുന്നതെന്നാണ് അധികൃതർ യാത്രക്കാരോട് വിശദീകരിച്ചത്. ഒടുവിൽ വെള്ളിയാഴ്ച 2.30ഓടെ പുറപ്പെടുമെന്ന അറിയിപ്പിൽ വിശ്വസിച്ച് കാത്തിരിപ്പിലാണ് അവർ.
കഴിഞ്ഞ ദിവസം ഖത്തറിൽ നിര്യാതനായ പേരമ്പ്ര സ്വദേശിയുടെ മൃതദേഹവും ഈ വിമാനത്തിലാണ് നാട്ടിലെത്തേണ്ടത്. പിതാവിന്‍റെ മരണത്തെ തുടർന്ന് മൂന്നു ദിവസ അവധിക്ക് നാട്ടിേലക്ക് മടങ്ങുന്ന മലയാളിയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരും കഴിഞ്ഞ 15 മണിക്കൂറിലേറെയായി വിമാനത്താവളത്തിൽ കഴിയുന്നു.
വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ ബോർഡിങ് പാസ് ലഭിച്ച് യാത്രക്ക് ഒരുങ്ങവെയാണ് വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. മണിക്കൂറുകൾ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടാൻ കഴിയും, ബദൽ യാത്രാ സംവിധാനം ഒരുക്കുമോ തുടങ്ങിയ കാര്യങ്ങളിൽ എയർ ഇന്ത്യ അധികൃതരിൽ നിന്നും വ്യക്തമായ വിശദീകരണമില്ല.