ദോഹ ഇസ്ലാമിക് ഫിനാൻസ് സമ്മേളനം ഇന്ന്
text_fieldsദോഹ: ഇസ്ലാമിക സാമ്പത്തിക വിശകലനങ്ങളുമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒത്തുചേരുന്ന ദോഹ അന്താരാഷ്ട്ര ഇസ്ലാമിക് ഫിനാൻസ് സമ്മേളനം ചൊവ്വാഴ്ച നടക്കും. പത്താമത് സമ്മേളനത്തിന് ദോഹ ഷെറാട്ടൺ ഹോട്ടലാണ് വേദിയാകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക, അക്കാദമിക് സ്ഥാപനങ്ങളും വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ മസ്ജിദ് ചീഫ് ഇമാം ഡോ. മുഹമ്മദ് സലീം നദ്വി പങ്കെടുക്കും.
വിവിധ രാഷ്ട്രങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗവേഷണ പ്രതിഭകൾ സമ്മേളനത്തിൽ സംസാരിക്കുന്നുണ്ട്. ഖത്തർ ഔഖാഫ്-ഇസ്ലാമിക് മന്ത്രാലയവും വാണിജ്യ മന്ത്രാലയവും സംയുക്തമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഡോ. മുഹമ്മദ് സലീം നദ്വി
‘ടെക്നോളജിയും മൂല്യങ്ങളും’ എന്നതാണ് സമ്മേളന വിഷയം. ഖത്തർ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ഖാസിം അൽ അബ്ദുല്ല, മതകാര്യ മന്ത്രി ശൈഖ് ഗാനിം ബിൻ ശാഹീൻ ബിൻ ഗാനിം അൽ ഗാനിം എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്ന ദോഹ ഇസ്ലാമിക് ഫിനാൻസ് സമ്മേളനം അന്തർദേശീയ പ്രതിഭകളുടെ സംഗമമാവും.
ഡോ. മുഹമ്മദ് സലീം നദ്വി ആഗോള ഇസ്ലാമിക സമ്മേളനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ഇരിക്കൂർ വെളിയമ്പ്ര സ്വദേശിയായ ഡോ. സലീം ഇന്ത്യയിലെ പ്രഥമ മുസ്ലിം ആരാധനാലയമായ ചേരമാൻ ജുമാ മസ്ജിദിന്റെ ചീഫ് ഇമാമും കണ്ണൂർ ത്വാബ നോളജ് ആൻഡ് റിസർച് പാർക്ക് ചെയർമാനുമാണ്. ലോകത്തെ നൂറ് അറബി സാഹിത്യകാരന്മാരിൽ ഒരാളായി ജോർഡൻ അദ്ദേഹത്തെ 2018ൽ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

