ദോഹ ഇസ്‍ലാമിക ഫിനാൻസ് സമ്മേളനം സമാപിച്ചു
text_fields11ാമത് ദോഹ ഇസ്‍ലാമിക സാമ്പത്തിക സമ്മേളനത്തിൽനിന്ന്
ദോഹ: ആധുനികാലത്തെ ഇസ്‍ലാമിക സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഗൗരവചർച്ചകളുമായി 11ാമത് ദോഹ ഇസ്‍ലാമിക് ഫിനാൻസ് സമ്മേളനത്തിന് തലസ്ഥാനം വേദിയായി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന സമ്മേളനം ബ്ലോക്ക് ചെയിനിന്റെയും നിർമിതബുദ്ധിയുടെയും സംയോജനം: ഇസ്‍ലാമിക് ഫിനാൻസിന്റെ ഭാവി എന്ന തലക്കെട്ടിൽ റിറ്റ്‌സ് കാൾട്ടൻ ഹോട്ടലിൽ നടന്നു. വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി, ഔഖാഫ്-ഇസ്‍ലാമികകാര്യ മന്ത്രി ഗാനെം ബിൻ ഷഹീൻ ബിൻ ഗാനെം അൽ ഗാനെം എന്നിവർ പങ്കെടുത്തു.
നിർമിതബുദ്ധിയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിയമം, സാമ്പത്തിക ശാസ്ത്രം, സാഹിത്യം, വിനോദം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ നിർമിതബുദ്ധിയുടെ സംയോജനവും അതിനെ ബൗദ്ധിക, പ്രഫഷനൽ, സാമ്പത്തിക പ്രക്രിയകളുടെ അവിഭാജ്യ ഘടകമായി മാറ്റുമെന്ന് സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ ഔഖാഫ് ഇസ്‍ലാമികകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ശൈഖ് ഡോ. ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനെം ആൽഥാനി പറഞ്ഞു.
മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതും അവഗണിക്കാനാകാത്തതുമായ ഒരു പുതിയ തൊഴിൽ മാതൃകക്ക് ഈ മാറ്റം വഴിയൊരുക്കും. അതിനാൽ, മറ്റ് ആധുനിക സാങ്കേതികവിദ്യകളുമായി നിർമിതബുദ്ധിയുടെ സംയോജനത്തെക്കുറിച്ച് പഠിക്കേണ്ടത് അനിവാര്യമാണെന്നും ശൈഖ് ഡോ. ഖാലിദ് മുഹമ്മദ് ഗാനെം ആൽഥാനി കൂട്ടിച്ചേർത്തു.
എ.ഐ ഗുണനിലവാരെ നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലും അതിന്റെ പിശകുകൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും അനുബന്ധ ഉത്തരവാദിത്വങ്ങൾ നിർവചിക്കുന്നതിലും ഇനി ചർച്ചകൾ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ്, ഇലക്ട്രോണിക് ഗെയിമുകൾ തുടങ്ങിയ മേഖലകളിൽ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുമായി എ.ഐയുടെ സംയോജനം ചർച്ച ചെയ്യുന്ന ഈ സമ്മേളനത്തിന് ഗവേഷകർക്കും വ്യവസായ പ്രഫഷനലുകൾക്കും വിലപ്പെട്ട ആശയങ്ങൾ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി പറഞ്ഞു.
ഉദ്ഘാടന സെഷനിൽ ദുഖാൻ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഫഹദ് ബിൻ ജാസിം ആൽഥാനി, ഇന്റർനാഷനൽ ഇസ്‍ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറൽ ഡോ. ഖുതുബ് സാനൂ, ദോഹ ഇസ്‍ലാമിക് കോൺഫറൻസ് ഉന്നത സംഘാടക സമിതി ചെയർമാൻ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

