ബ്ലോക്ക്ചെയിൻ, എ.ഐ: ശിപാർശകളുമായി ഫിനാൻസ് കോൺഫറൻസ്
text_fieldsദോഹ ഇസ്ലാമിക സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുത്ത വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി മറ്റു അതിഥികൾക്കൊപ്പം
ദോഹ: സാമ്പത്തിക മേഖലയിലെ നവാഗതരായ ബ്ലോക്ക്ചെയിനും സാങ്കേതിക വിപ്ലവമായി മാറിയ നിർമിത ബുദ്ധി ആപ്ലിക്കേഷനുകൾക്കും ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള നിയന്ത്രിത ചട്ടക്കൂട് വികസിപ്പിക്കാൻ ആഹ്വാനംചെയ്ത് ദോഹ ഇസ് ലാമിക് ഫിനാൻസ് കോൺഫറൻസ്.
ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥക്ക് അനുസൃതമായി സ്മാർട്ട് കരാറുകൾക്ക് ഏകീകൃത മാതൃക സൃഷ്ടിക്കാനും ബ്ലോക്ക്ചെയിൻ/നിർമിതബുദ്ധിയുമായി പരിശോധനക്ക് സാൻഡ്ബോക്സ് പശ്ചാത്തലം സൃഷ്ടിക്കണമെന്നും ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങളോടും സാങ്കേതികവിദഗ്ധരോടും സമ്മേളനം ആഹ്വാനംചെയ്തു. ഇസ്ലാമിക തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന സന്തുലിത നിയമവ്യവസ്ഥകൾ രൂപപ്പെടുത്തണമെന്നും നിർദേശിച്ചു.
വികേന്ദ്രീകൃത സാമ്പത്തിക രംഗത്തെ അപകടസാധ്യതകളെക്കുറിച്ച് പഠനവും നിരീക്ഷണവും ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും സമ്മേളനം ചൂണ്ടിക്കാട്ടി.
ഇസ്ലാമിക ധനകാര്യം അതിന്റെ മൂല്യാധിഷ്ഠിതവും ധാർമികവുമായ നിയമവ്യവസ്ഥക്കുള്ളിലാണ് സ്ഥാപിതമായതെന്നും, കേന്ദ്രീകൃത, വികേന്ദ്രീകൃത ധനകാര്യത്തിലും അല്ലെങ്കിൽ ഹൈബ്രിഡ് ധനകാര്യത്തിനും ഇത് ഒരുപോലെ ബാധകമാണെന്നും സമ്മേളനം വ്യക്തമാക്കി.
ഇലക്ട്രോണിക് ഗെയിമുകൾ അവയുടെ സ്വഭാവങ്ങളിലും രൂപഭാവങ്ങളിലുമുള്ള വ്യത്യാസങ്ങൾ കാരണം അവ ഒരൊറ്റ നിയമ വിധിക്ക് (ഹുക്മ്) വിധേയമാക്കാൻ കഴിയില്ലെന്നും സമ്മേളനത്തിന്റെ സമാപന സെഷനിൽ വ്യക്തമാക്കി.അതേസമയം, സമകാലിക നിയമ ന്യായവാദത്തിലും മതവിധി (ഫത്വ) നിർമാണത്തിലും ഭാവി നിയമശാസ്ത്രത്തെക്കുറിച്ചുള്ള പഠനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും സമ്മേളന പ്രസ്താവനയിൽ സൂചിപ്പിച്ചു.
വഖ്ഫിന്റെ സംരക്ഷണത്തിനും വികസനത്തിനും വളർച്ചക്കും നിർമിതബുദ്ധിയും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും വിപുലമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം വിവരങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ, മാനുഷിക-സാമൂഹിക സഹായങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിലുള്ള വിശ്വാസ്യതക്കുറവ്, ധനസഹായ ചെലവുകൾ തുടങ്ങിയ വെല്ലുവിളികൾ വഖഫിന്റെ ഡിജിറ്റൽ പരിവർത്തനം നേരിടുന്നുവെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

