ദോഹ ഫോറം: ഗസ്സ വെടിനിർത്തൽ കരാറിൽ പ്രതീക്ഷയുമായി ലോക നേതാക്കൾ
text_fieldsദോഹ ഫോറത്തിൽ മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി
ക്ലിന്റൺ സംസാരിക്കുന്നു
ദോഹ: ലോക സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും പ്രശ്നങ്ങളും ചർച്ചചെയ്ത് ശ്രദ്ധേയമായ ദ്വിദിന ദോഹ ഫോറം സമാപിച്ചു. മാറുന്ന ലോകസാഹചര്യത്തിൽ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണാനും ലോകനേതാക്കൾക്കുള്ള വേദിയായിരുന്നു ദോഹ ഫോറം. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഗസ്സയിലെ സിവിലിയന്മാരുടെ ദുരിതവും അടിയന്തരമായി മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യവും വിവിധ സെഷനുകളിൽ സംസാരിച്ചവർ പങ്കുവെച്ചു.
ഗസ്സയിലെ ദുരിതത്തെ ഭീകരം എന്ന് വിശേഷിപ്പിച്ച മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും യു.എസ് അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ദോഹ ഫോറത്തിൽ, ഫോറിൻ പോളിസി എഡിറ്റർ ഇൻ ചീഫ് രവി അഗർവാളുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. വെടിനിർത്തലിന് വഴിയൊരുക്കിയ 20 ഇന ഗസ്സ സമാധാന പദ്ധതിയെ അവർ പിന്തുണച്ചു.
ഇസ്രായേൽ പൂർണമായി പിന്മാറാതെ ഗസ്സയിലെ വെടിനിർത്തൽ പൂർണമാകില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കരാറിന്റെ രണ്ടാം ഘട്ടത്തിൽ, ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ നിന്ന് പിന്മാറുകയും ഒരു ഇടക്കാല ഭരണകൂടം ഭരണം ഏറ്റെടുക്കുകയും ചെയ്യും, കൂടാതെ ഇന്റർനാഷനൽ സ്റ്റബിലൈസേഷൻ ഫോഴ്സിനെ പ്രദേശത്ത് വിന്യസിക്കുകയും വേണം. ഗസ്സ വെടിനിർത്തൽ കരാറിൽ പ്രതീക്ഷയുടെ തിളക്കമുണ്ടെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. രണ്ടാം ഘട്ടത്തിലേക്ക് നാം വേഗത്തിൽ നീങ്ങണമെന്ന് ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് വൻതോതിൽ മാനുഷിക സഹായം എത്തിക്കണമെന്നും സിവിലിയന്മാർക്ക് ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര മുൻഗണനയായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനും 20 പോയന്റ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കാൻ അഭ്യർഥിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി മാനുഷിക -മെഡിക്കൽ സഹായം ഗസ്സയിൽ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുൽ ആത്വി പറഞ്ഞു. വെടിനിർത്തൽ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി സ്റ്റെബിലൈസേഷൻ സേനയെ വേഗത്തിൽ വിന്യസിക്കണം. ഗസ്സയും വെസ്റ്റ് ബാങ്കും സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ആവർത്തിച്ചു. കൂടാതെ, സമകാലിക രാഷ്ട്രീയ, പാരിസ്ഥിതിക -സാമ്പത്തിക വിഷയങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

