ആഗോള വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് ദോഹ ഫോറം
text_fieldsദോഹ ഫോറം ഉദ്ഘാടന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ ഫോറം ഖത്തർ അമീർ ഉദ്ഘാടനം ചെയ്തു
ദോഹ ഫോറത്തിൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ മൈക്രോസോഫ്റ്റ് കോ-ഫൗണ്ടർ ബിൽഗേറ്റ്സ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു.
കൂടിക്കാഴ്ചയിൽ, സഹകരണം വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും മറ്റ് പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ചചെയ്തു.
ദോഹ: നീറുന്ന പ്രശ്നങ്ങളിലേക്കും സാമൂഹിക -രാഷ്ട്രീയ വിഷയങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് ദ്വിദിന ദോഹ ഫോറം ചർച്ചകൾക്ക് തുടക്കം. വിവിധ രാഷ്ട്ര നേതാക്കൾ, മന്ത്രിമാർ, നയതന്ത്ര പ്രമുഖർ, മാധ്യമ പ്രവർത്തകർ എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ പ്രതിഭകൾ പങ്കെടുക്കുന്ന 23ാമത് ദോഹ ഫോറത്തിന്റെ ഉദ്ഘാടനം ഷെറാട്ടൺ ദോഹ ഹോട്ടലിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും നയകർത്താക്കളും പങ്കെടുക്കുന്ന പരിപാടിയിൽ സമകാലിക രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങൾ ചർച്ചചെയ്യും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, മന്ത്രിമാർ, വിവിധ അതിഥികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.എജുക്കേഷൻ എബോവ് ആൾ ഫൗണ്ടേഷനുമായി സഹകരിച്ച് ഫലസ്തീനിലെയും അഫ്ഗാനിസ്താനിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണക്കുന്നതിനായി നൽകിയ വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ച് അലക്സ് തീയർ, സാദ് മുഹ്സനി എന്നിവർക്ക് ദോഹ ഫോറം അവാർഡ് സമ്മാനിച്ചു. തുടർന്ന്, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, മൈക്രോസോഫ്റ്റ് കോ-ഫൗണ്ടർ ബിൽ ഗേറ്റ്സ് എന്നിവർ സംസാരിച്ചു.
‘നീതി ഉറപ്പാക്കൽ: പുരോഗതിയിലേക്ക്’ എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളത്തിൽ 6000ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഗസ്സയുടെ സമാധാനത്തിനും സംഘർഷ പരിഹാരത്തിലും ദീർഘകാല സ്ഥിരതക്കും പ്രാദേശിക, ആഗോള നേതാക്കളുടെ ഉത്തരവാദിത്തങ്ങൾ പരിശോധിക്കുന്ന സെഷൻ അടക്കം വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ നടക്കും. മാറുന്ന ലോകസാഹചര്യങ്ങളിൽ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ലോകനേതാക്കളും നയരൂപകർത്താക്കളും പങ്കെടുക്കുന്ന വേദികളിലൂടെ പുതിയ ആശയങ്ങൾക്കും പരിഹാരങ്ങൾക്കും രൂപം നൽകാനും രണ്ടു ദിവസത്തിലെ ഫോറത്തിലൂടെ സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ദോഹ ഫോറം അവാർഡ് സമ്മാനിച്ചു
ദോഹ ഫോറം അവാർഡ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സമ്മാനിക്കുന്നു
ദോഹ: സംഘർഷ മേഖലകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി നേതൃത്വം നൽകിയ അലക്സ് തീയർക്കും സാദ് മുഹ്സനിക്കും ദോഹ ഫോറം അവാർഡ്. ഫലസ്തീൻ, അഫ്ഗാനിസ്താൻ തുടങ്ങിയ സംഘർഷ മേഖലകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ പ്രവർത്തനങ്ങൾ നടത്തിയതിനാണ് അലക്സ് തീയർ, സാദ് മുഹ്സനി എന്നിവർക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദോഹ ഫോറം അവാർഡ് സമ്മാനിച്ചത്. എജുക്കേഷൻ എബോവ് ആൾ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണക്കുന്നതിനായി ഇരുവരും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വർഷങ്ങളായി ധീരമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ദോഹ ഫോറത്തിന്റെ വേദിയിൽ ആദരിക്കാറുണ്ട്. കഴിഞ്ഞ വർഷം ധീരമായ മാധ്യമ പ്രവർത്തനം നടത്തി, ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തിന്റെ ഉള്ളുലക്കുന്ന ദൃശ്യങ്ങളും വിവരണങ്ങളും ലോകത്തോട് വിളിച്ചു പറഞ്ഞ അൽ ജസീറ അറബിക് ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദുഹ്, ഫലസ്തീനിയൻ ഫോട്ടോഗ്രാഫർ മുഅതസ് അസൈസ എന്നിവരടക്കംആറു മാധ്യമ പ്രവർത്തകർക്കായിരുന്നു പുരസ്കാരങ്ങൾ സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

