ദോഹ ഫോറത്തിന് നാളെ തുടക്കം
text_fieldsദോഹ: ലോക രാജ്യങ്ങളുടെ നേതാക്കളും മന്ത്രിമാരും നയതന്ത്ര വിദഗ്ധരും ശാസ്ത്ര-സാങ്കേതിക പ്രതിഭകളും എഴുത്തുകാരും ചിന്തകരും സംഗമിക്കുന്ന ദോഹ ഫോറത്തിന് ശനിയാഴ്ച തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും നയരൂപകർത്താക്കളും ഒരു വേദിയിൽ ഒത്തുചേർന്ന് സമകാലിക രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ദോഹ ഫോറത്തിന്റെ 23ാമത് പതിപ്പിനാണ് ഇത്തവണ രാജ്യ തലസ്ഥാനം വേദിയൊരുക്കുന്നത്.
‘നീതി ഉറപ്പാക്കൽ: പുരോഗതിയിലേക്ക്’ എന്ന പ്രമേയത്തിൽ ഡിസംബർ 6, 7 തീയതികളിലായി നടക്കുന്ന ദോഹ ഫോറത്തിൽ 6000ത്തിലധികം പേർ പങ്കെടുക്കും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദോഹ ഫോറം നിർണായകമായ അന്താരാഷ്ട്ര വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടക്കും.
നയതന്ത്രം, വികസനം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ എല്ലാവരെയും സംയോജിപ്പിച്ച് എങ്ങനെ പുരോഗതി കൈവരിക്കാമെന്ന് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയായി ദോഹ ഫോറം നിലകൊള്ളുന്നുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ മുബാറക് അജ് ലാൻ അൽ കുവാരി പറഞ്ഞു. ഘാന പ്രസിഡന്റ് ജോൺ ഡ്രമാനി മഹമ, സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറാ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ലബനീസ് പ്രധാനമന്ത്രി നവാഫ് സലാം, തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സി.ഇ.ഒ ബോർഗെ ബ്രെൻഡെ, മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ഗസ്സയുടെ സമാധാനത്തിനും സംഘർഷ പരിഹാരത്തിലും ദീർഘകാല സ്ഥിരതക്കും പ്രാദേശിക, ആഗോള നേതാക്കളുടെ ഉത്തരവാദിത്തങ്ങൾ പരിശോധിക്കുന്ന സെഷൻ അടക്കം വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
മാറുന്ന ലോകസാഹചര്യങ്ങളിൽ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ലോക നേതാക്കളും നയരൂപകർത്താക്കളും പങ്കെടുക്കുന്ന വേദികളിലൂടെ പുതിയ ആശയങ്ങൾക്കും പരിഹാരങ്ങൾക്കും രൂപം നൽകാനും രണ്ടു ദിവസത്തിലെ ഫോറത്തിലൂടെ സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

