ദോഹ എഫ്.ഐ.ആർ രണ്ടാം ഘട്ടത്തിന് അംഗീകാരം
text_fieldsദോഹ ൈഫ്ലറ്റ് ഇൻഫർമേഷൻ റീജ്യൻ ഭൂപടം
ദോഹ: ഖത്തറിന് മുകളിലെ വ്യോമയാന പരിധിയുടെ നിയന്ത്രണം നൽകുന്ന ദോഹ ൈഫ്ലറ്റ് ഇൻഫർമേഷൻ റീജ്യൻ (എഫ്.ഐ.ആർ) രണ്ടാം ഘട്ടം നടപ്പാക്കാൻ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) അംഗീകാരമായി. ദോഹ ൈഫ്ലറ്റ് ഇൻഫർമേഷൻ റീജ്യൻ ആദ്യഘട്ടം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനു ശേഷമാണ് എഫ്.ഐ.ആർ പ്രവർത്തനത്തിന് പൂർണ നിയന്ത്രണം നൽകുന്ന രണ്ടാം ഘട്ടം നടപ്പാക്കാൻ അംഗീകാരമെത്തുന്നത്.
വ്യോമയാന മേഖലയിലെ പൂർണ സുരക്ഷാ ഘടകങ്ങളും ഖത്തർ സ്വന്തമാക്കിയതിനു പിന്നാലെയാണ് അടുത്ത നടപടി. വ്യോമയാന സെക്ടറിൽ നിയന്ത്രണ ചുമതല അനുവദിക്കുന്ന നിർദിഷ്ട മേഖലയെയാണ് ൈഫ്ലറ്റ് ഇൻഫർമേഷൻ റീജ്യൻ എന്ന് വിളിക്കുന്നത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനാണ് ഏത് രാജ്യത്തിനാണ് നിശ്ചിത ആകാശ പരിധിയുടെ പ്രവർത്തന നിയന്ത്രണമെന്ന് നിശ്ചയിക്കുന്നത്.
ലോകകപ്പ് ഫുട്ബാളിന് മുമ്പായി 2022 മാർച്ചിലാണ് ദോഹ എഫ്.ഐ.ആർ ആദ്യമായി രൂപവത്കരിക്കുന്നത്. നേരത്തേ ബഹ്റൈൻ എഫ്.ഐ.ആറിന്റെ ഭാഗമായ ഖത്തറിന്റെ പരിധിയെ വേർതിരിച്ചാണ് ദോഹ എഫ്.ഐ.ആർ രൂപവത്കരിച്ചത്. ഇറാൻ, യു.എ.ഇ എഫ്.െഎ.ആറുമായാണ് ഇവയുടെ ആകാശ പരിധി പങ്കിടുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് ദോഹ എഫ്.ഐ.ആർ പൂർണമായും പ്രവർത്തനക്ഷമമാകുകയെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഖത്തറിന്റെ വടക്കുഭാഗത്തെ അന്താരാഷ്ട്ര സമുദ്രമേഖലയുടെ കൂടി വ്യോമഗതാഗത നിയന്ത്രണം ഉൾക്കൊള്ളുന്നതാണ് രണ്ടാം ഘട്ടം. സമുദ്രനിരപ്പിൽനിന്നുള്ള ആകാശ പരിധികളിലാവും ഈ ഘട്ടത്തിലെ നിയന്ത്രണം അനുവദിക്കുന്നത്.
ദേശീയ, പ്രാദേശിക താൽപര്യങ്ങൾക്കുകൂടി ഗുണകരമാകുംവിധം വ്യോമ മേഖലയുടെ പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. പരിസ്ഥിതി സംരക്ഷണം, ഇന്ധന ഉപഭോഗവും മലിനീകരണവും കുറയ്ക്കൽ ഉൾപ്പെടെ കൂടുതൽ നേട്ടവും ലഭ്യമാകും.
ആഗോള വ്യോമയാന ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പുതിയ നേട്ടം സുപ്രധാനമായി മാറുമെന്ന് ഖത്തർ ഗതാഗത വകുപ്പ് മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽ ഥാനി പറഞ്ഞു. ഒന്നാം ഘട്ടം പ്രാബല്യത്തിൽ വന്ന് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിയുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമാണ് രണ്ടാംഘട്ടത്തിനുള്ള അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.