മൊഞ്ചോടെ ദോഹ കോർണിഷ്
text_fieldsനവീകരണം നടക്കുന്ന ദോഹ കോർണിഷിന്‍റെ മാതൃക
ദോഹ: ഖത്തറിലെ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ ദോഹ കോർണിഷ് മുഖം മിനുക്കി, അത്യാധുനിക സൗകര്യങ്ങളോടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാവുന്നു.
നഗര സൗന്ദര്യവത്കരണ ഭാഗമായി പ്രവൃത്തികൾ പുരോഗമിക്കുന്ന കോർണിഷിന്‍റെ ആദ്യഘട്ട വികസന പദ്ധതികൾ പൂർത്തിയാക്കി ഉടൻ സന്ദർശകർക്കായി തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു.
കോര്‍ണിഷിനോട് ചേര്‍ന്ന് ഖത്തറിന്‍റെ തനിമ പ്രദര്‍ശിപ്പിക്കുന്ന കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ഓപൺ എക്സിബിഷൻ കേന്ദ്രങ്ങളാവും ആദ്യ ഘട്ടത്തിൽ തുറക്കുക. നാല് ഓപൺ എക്സിബിഷൻ ഇടങ്ങൾ, കാൽനട യാത്രക്കാർക്കുള്ള തുരങ്കപാതകൾ, കാൽനടയാത്രയും വാഹന ഗതാഗതവും സുരക്ഷിതമാക്കി കടൽതീരവുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് തുരങ്കപാതകൾ പൂർത്തിയാക്കുക -റോഡ്, പൊതുസ്ഥലങ്ങൾ സൗന്ദര്യവത്കരിക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൻ എൻജിനീയർ സാറ കഫൂദ് പറഞ്ഞു. ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
സൈക്ലിങ് ട്രാക്ക് സൗകര്യത്തോടെയാണ് കോർണിഷ് സ്ട്രീറ്റിന്‍റെ നിർമാണം പൂർത്തിയാക്കുന്നത്. നാലിടങ്ങളിലെ ഓപൺ എക്സിബിഷൻ സ്ഥലങ്ങളാവട്ടെ ഖത്തറിന്‍റെ പരമ്പരാഗത കലാമാതൃകകൾ സഞ്ചാരികൾക്കും സന്ദർശകർക്കും മുമ്പാകെ പ്രദർശിപ്പിക്കുന്ന തരത്തിലുമാണ് നിർമിച്ചത്. കോര്‍ണിഷ് ഭാഗത്തെ നിരവധി കെട്ടിടങ്ങളുടെ മുന്‍ഭാഗം നവീകരിച്ച് കൂടുതല്‍ ആകര്‍ഷണമാക്കുന്നതും പദ്ധതിയില്‍ ഉൾപ്പെടും. സന്ദര്‍ശകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കടൽതീരമാണ് ദോഹ കോര്‍ണിഷ് എന്നും അതുകൊണ്ടാണ് ഈ ഭാഗത്തെ സൗന്ദര്യവത്കരണത്തിന് മുന്‍ഗണന നല്‍കിയതെന്നും സാറാ കഫുദ് പറഞ്ഞു.
ദോഹ കോർണിഷും ദോഹ സെൻട്രൽ ഏരിയയും വികസിപ്പിക്കുന്നതാണ് സൂപ്പർവൈസറി കമ്മിറ്റിയുടെ പ്രധാന പ്രവർത്തനങ്ങളെന്നും ഇവർ വിശദീകരിച്ചു. വർഷാവസാനം നടക്കുന്ന ഫിഫ ലോകകപ്പിനെത്തുന്ന ദശലക്ഷം സന്ദർശകരുടെ പ്രധാന ആകർഷണകേന്ദ്രംകൂടിയായിരിക്കും ദോഹ കോർണിഷ്.
എല്ലാ രാജ്യങ്ങളിൽനിന്നുമായെത്തുന്ന സന്ദർശകരിലേക്ക് ഖത്തറിന്‍റെ പ്രൗഢികൂടി വിളംബരം ചെയ്യുകയാണ് കോർണിഷിലെ അത്യാധുനിക സൗന്ദര്യവത്കരണത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
ദോഹ കോർണിഷിന് പുറമെ, സഞ്ചാരികളെ ആകർഷിക്കുന്ന കെട്ടിടങ്ങളുടെ സൗന്ദര്യവത്കരണം, 974 സ്റ്റേഡിയത്തോട് ചേർന്ന റാസ് അബൂദ് കടൽതീരം, വെസ്റ്റ് ബേ ബീച്ച് എന്നിവക്കും മോടികൂട്ടുമെന്നും സാറ കഫൂദ് പറഞ്ഞു.
കോർണിഷ്, സെൻട്രൽ ഏരിയ പദ്ധതികൾ ഘട്ടംഘട്ടമായി തുറന്നുനൽകാനാണ് തീരുമാനം. രണ്ടാം പാദവർഷത്തിൽ കൂടുതൽ പദ്ധതികളും ഉദ്ഘാടനം ചെയ്യും. അവശേഷിക്കുന്നവ ലോകകപ്പിന് മുന്നോടിയായി മൂന്നാം പാദത്തിലും പൂർത്തിയാക്കി തുറന്നുനൽകും -സാറ കഫൂദ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

