ദോഹ അറബ് -ഇസ്ലാമിക് ഉച്ചകോടി പുറപ്പെടുവിച്ച പ്രസ്താവന ഖത്തറിന് പിന്തുണ
text_fieldsഖത്തറിന് പൂർണ ഐക്യദാർഢ്യം ഉറപ്പാക്കുന്നു. യുഎൻ ചാർട്ടർ അനുസരിച്ച് രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായി ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അറബ് -ഇസ്ലാമിക് ഉച്ചകോടി ഉറച്ചുനിൽക്കും. ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാ അറബ്-ഇസ്ലാമിക രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് യോഗം വ്യക്തമാക്കി. ഖത്തറിനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണവും വംശഹത്യ, ഉന്മൂലനം, പട്ടിണിക്കിടൽ, ഉപരോധം, കുടിയേറ്റ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും സമാധാനത്തിനുമുള്ള സാധ്യതകളെ തുരങ്കംവെക്കുന്നതാണ്.
ആക്രമണത്തെ അപലപിച്ചു
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ചർച്ച സംഘത്തിന് ഒരുക്കിയ താമസ സൗകര്യങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. നിരവധി സ്കൂളുകൾ, നഴ്സറികൾ, നയതന്ത്ര മിഷനുകൾ എന്നിവയുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു ഖത്തർ പൗരൻ ഉൾപ്പെടെ നിരവധി പേർ മരിക്കുകയും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിവേകപൂർണമായ നിലപാടിന് പ്രശംസ
ആക്രമണത്തെ നേരിടുന്നതിൽ ഖത്തർ സ്വീകരിച്ച വിവേകപൂർണമായ നിലപാടിനെ പ്രശംസിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളിൽ ഉറച്ചുനിന്ന് രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉയർത്തിപ്പിടിക്കാനും എല്ലാ നിയമാനുസൃത മാർഗങ്ങളിലൂടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ഖത്തറിന്റെ ദൃഢനിശ്ചയത്തെയും അഭിനന്ദിക്കുന്നു.
ഖത്തറിന്റെ മധ്യസ്ഥത ശ്രമങ്ങൾക്ക് പിന്തുണ
ഗസ്സ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കാൻ ഖത്തർ, ഈജിപ്ത്, യു.എസ് രാജ്യങ്ങൾ വഹിക്കുന്ന മധ്യസ്ഥത ശ്രമങ്ങളെ പിന്തുണക്കുന്നു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ, പ്രത്യേകിച്ച് വികസ്വര -ദരിദ്ര രാജ്യങ്ങളിലെ വിദ്യാഭ്യാസ -വികസന മേഖലകളിൽ ഖത്തർ നടത്തുന്ന ഇടപെടലുകളെയും മാനുഷിക സഹായങ്ങളെയും അഭിനന്ദിക്കുന്നു.
ആക്രമണം മധ്യസ്ഥ ശ്രമങ്ങളെ ദുർബലപ്പെടുത്താൻ
ആക്രമണം മധ്യസ്ഥ ശ്രമങ്ങളെ ദുർബലപ്പെടുത്താനും ഗസ്സയിലെ ആക്രമണവും അധിനിവേശവും തുടരാനും ലക്ഷ്യമിട്ടുള്ളതാണ്. ആക്രമണത്തെ ന്യായീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണ്.
രക്ഷാസമിതി അംഗങ്ങളുടെ പങ്ക് അഭിനന്ദിച്ചു
ഫലസ്തീൻ വിഷയത്തിന്റെയും ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റേയും കാര്യത്തിൽ നിർണായക പങ്ക് വഹിച്ച യു.എൻ രക്ഷാസമിതിയിലെ അറബ്, ഇസ്ലാമിക രാജ്യങ്ങളായ അൽജീരിയ, സോമാലിയ, പാകിസ്താൻ എന്നിവയുടെ പ്രതിനിധികളെ ഉച്ചകോടി പ്രശംസിച്ചു. ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം ചർച്ച ചെയ്യാൻ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചുകൂട്ടിയതിലെ ഇവരുടെ സംഭാവനകളെയും പ്രശംസിച്ചു.
ഇസ്രായേലിനെതിരെ നടപടിക്ക് ആഹ്വാനം
ഇസ്രായേലിന്റെ തുടർച്ചയായ നിയമലംഘനങ്ങളും ആക്രമണങ്ങളും അന്താരാഷ്ട്ര നിയമവ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതായി യോഗം വിലയിരുത്തി. അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യു.എൻ രക്ഷാസമിതി, ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തുക, ആയുധങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിവെക്കുക തുടങ്ങിയ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
-അൽഅഖ്സ മസ്ജിദ് സംരക്ഷണം: ജറൂസലമിലെ ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളുടെ സംരക്ഷണച്ചുമതല ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈന് ചരിത്രപരമായി നൽകിയിട്ടുള്ളതാണ്. ജോർദാൻ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ജറൂസലം ഔഖാഫ് ആൻഡ് അൽഅഖ്സ മോസ്ക് അഫയേഴ്സ് ഡിപ്പാർട്മെന്റാണ് അൽഅഖ്സ പള്ളിയുടെ ഭരണം, പരിപാലനം, പ്രവേശനം എന്നിവയുടെ ചുമതലയുള്ള ഏക നിയമപരമായ അതോറിറ്റി എന്നും ഉച്ചകോടി വ്യക്തമാക്കി.
കൂട്ടായ സുരക്ഷാ കാഴ്ചപ്പാട്
പൊതുവായ വെല്ലുവിളികളെയും ഭീഷണികളെയും നേരിടാൻ ഐക്യത്തിന്റെയും പൊതു സംവിധാനങ്ങളുടെ ആവശ്യകതയും പ്രാധാന്യവും ഉച്ചകോടി വ്യക്തമാക്കുന്നു. എല്ലാ അറബ് രാജ്യങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെയും 1967 അതിർത്തികളെ അടിസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെയും മധ്യപൂർവേഷ്യയെ ആണവായുധങ്ങളിൽനിന്ന് മുക്തമാക്കേണ്ടതിന്റെയും ആവശ്യകതയും അടിവരയിടുന്നു. അറബ് ലീഗിന്റെ മന്ത്രിതല സമിതി അംഗീകരിച്ച 'മേഖലയിലെ സുരക്ഷക്കും സഹകരണത്തിനുമുള്ള പൊതുവായ കാഴ്ചപ്പാട്' എന്ന പ്രമേയത്തെ ഉച്ചകോടി സ്വാഗതം ചെയ്തു. അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയുടെയും പൊതുവിധിയിലുള്ള ഐക്യത്തിന്റെയും പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു.
ഭീഷണി തള്ളിക്കളഞ്ഞു
ഖത്തറിനോ മറ്റ് അറബ്-ഇസ്ലാമിക രാജ്യങ്ങൾക്കോ നേരെ വീണ്ടും ആക്രമണം നടത്തുമെന്ന ഇസ്രായേലിന്റെ ഭീഷണികളെ ഉച്ചകോടി പൂർണമായും തള്ളിക്കളഞ്ഞു. ഈ ഭീഷണികളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിക്കുകയും നടപടി സ്വീകരിക്കുകയും വേണം.
ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളെ എതിർക്കുന്നു
ഫലസ്തീൻ ജനതയെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നു. ഇത് മാനവികതക്കെതിരായ കുറ്റകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനവും പൂർണമായി തള്ളിക്കളയേണ്ട വംശീയ ഉന്മൂലന നയവുമാണ്.
ഗസ്സയിലെ മാനുഷിക ദുരന്തം
ഉപരോധം, പട്ടിണി, സാധാരണക്കാർക്ക് ഭക്ഷണവും മരുന്നും നിഷേധിക്കൽ എന്നിവ ഫലസ്തീൻ ജനതക്കെതിരായ യുദ്ധായുധങ്ങളായി ഇസ്രായേൽ ഉപയോഗിക്കുന്നു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ജനീവ കൺവെൻഷനുകളുടെയും ലംഘനമാണ്. ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണെന്നും അവ അവസാനിപ്പിക്കാൻ അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യമാണെന്നും ആവശ്യപ്പെട്ടു.
അധിനിവേശ ശ്രമങ്ങളെ ചെറുക്കണം:
അധിനിവേശ ഗസ്സ മുനമ്പിൽ തുടരുന്ന ആക്രമണം, കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധമായ കുടിയേറ്റ പ്രവർത്തനങ്ങൾ, കൂടാതെ ലബനീസ്, സിറിയ, ഇറാൻ എന്നിവയുൾപ്പെടെയുള്ള മേഖലയിലെ രാജ്യങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ എന്നിവയെല്ലാം അന്താരാഷ്ട്ര നിയമത്തിന്റെയും പരമാധികാരത്തിന്റെ ലംഘനങ്ങളാണ്.
യു.എൻ അംഗത്വം പരിശോധിക്കണം
ഐക്യരാഷ്ട്രസഭ പ്രമേയങ്ങളെ നിരന്തരം അവഗണിക്കുകയും വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ യു.എൻ അംഗത്വം താൽക്കാലികമായി നിർത്തിവെക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കണമെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.
തെറ്റായ ന്യായീകരണങ്ങളെ തള്ളിക്കളയുന്നു
വംശഹത്യയും കുടിയേറ്റ പദ്ധതികളും ന്യായീകരിക്കാൻ ഇസ്ലാമോഫോബിയയെ ചൂഷണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെ തള്ളിക്കളയുന്നു.
ദ്വിരാഷ്ട്ര പരിഹാരം
ദ്വിരാഷ്ട്ര പരിഹാരത്തിനായി സെപ്റ്റംബർ 22ന് ന്യൂയോർക്കിൽ വെച്ച് സൗദി അറേബ്യയും ഫ്രാൻസും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തെ സ്വാഗതം ചെയ്യുന്നു.
ആക്രമണത്തിലൂടെ പ്രശ്ന പരിഹാരം സാധ്യമല്ല
മിഡിൽ ഈസ്റ്റിൽ സമഗ്രവും ശാശ്വതവുമായ സമാധാനം ഫലസ്തീൻ വിഷയത്തെ അവഗണച്ചോ അവരുടെ അവകാശങ്ങളെ അവഗണിച്ചോ അക്രമത്തിലൂടെയോ നേടാൻ കഴിയില്ലെന്ന് ഉച്ചകോടി ആവർത്തിച്ചു.
അറബ് സമാധാന സംരംഭത്തോടും അന്താരാഷ്ട്ര നിയമപ്രമേയങ്ങളോടും യോജിച്ചുനിന്നുകൊണ്ട് മാത്രമേ അത് സാധ്യമാകൂ. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിന് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും പ്രത്യേകിച്ച് സുരക്ഷാ കൗൺസിലിനോടും ആവശ്യപ്പെടുന്നു.
ഖത്തറിന് നന്ദി
ഉച്ചകോടി ആതിഥേയത്വം വഹിക്കുകയും അതിനായി അക്ഷീണം പ്രയത്നിച്ച ഖത്തർ രാഷ്ട്രത്തോടും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയോടും കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ ഉച്ചകോടി ഐക്യദാർഢ്യവും കൂട്ടായ്മയും ശക്തിപ്പെടുത്താനുള്ള ഖത്തറിന്റെ നിരന്തരമായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

