ദോഹ 2030 ഏഷ്യൻ ഗെയിംസ്: സംഘാടക സമിതി യോഗം
text_fieldsഏഷ്യൻ ഗെയിംസ് സംഘാടക സമിതി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ആദ്യ യോഗം ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നപ്പോൾ
ദോഹ: 2030ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന 21ാമത് ഏഷ്യൻ ഗെയിംസ് സംഘാടക സമിതി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ആദ്യ യോഗം ചേർന്നു. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഏഷ്യൻ ഗെയിംസിന്റെ മാസ്റ്റർ പ്ലാൻ ഖത്തർ ഒളിമ്പിക് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഓർഗനൈസിങ് കമ്മിറ്റി ഡയറക്ടർ ബോർഡ് അംഗവുമായ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ അവതരിപ്പിച്ചു. ഗെയിംസിനോടനുബന്ധിച്ച് പൂർത്തിയാക്കിയ ഒരുക്കങ്ങൾ അദ്ദേഹം വിശദീകരിച്ചു.
ഏഷ്യൻ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റിയുടെ സി.ഇ.ഒ ആയി ഡോ. അഹമ്മദ് അബ്ദുല്ല അൽ ബുഐനൈനെ നിയമിച്ചു. സമിതിയുടെ എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾക്കും തീരുമാനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും.
ഏഷ്യൻ ഗെയിംസ് വിജയമാക്കുന്നതിന് പൊതു -സ്വകാര്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. ലോകോത്തര കായിക ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ ഖത്തറിന്റെ മികവ് ഉയർത്തിക്കാട്ടുന്ന രീതിയിലാകും ഗെയിംസ് സംഘടിപ്പിക്കുക. രാജ്യത്തെ അത്യാധുനിക കായിക സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും, ഗെയിംസിന് ശേഷവും സുസ്ഥിരമായി നിലനിർത്തുന്നതിനും യോഗം ഊന്നൽ നൽകി.
കായിക രംഗത്തെ ഖത്തറിന്റെ ആതിഥ്യ മര്യാദയും സംഘാടക മികവും ആഗോള നിലവാരത്തിൽ പ്രദർശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി, ഏഷ്യൻ ഭൂഖണ്ഡത്തിലെ കായിക വികസനത്തിൽ ഖത്തറിന്റെ നേതൃത്വം ഉറപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാകും ഖത്തർ ആതിഥ്യം വഹിക്കുന്ന ഏഷ്യൻ ഗെയിംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

