കേരളത്തിന്റെ പള്ളിപുരാണവുമായി ഡോക്യുമെന്ററി പ്രദർശനം
text_fieldsഡോക്യുമെന്ററി പ്രദർശന ശേഷം എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഷാനവാസ് ടി.ഐ സംസാരിക്കുന്നു
ദോഹ: 50 മിനിറ്റിനുള്ളിൽ സഹസ്രാബ്ദത്തിലേറെ പൈതൃകമുള്ള കേരളത്തിലെ മുസ്ലിം പള്ളികളുടെ കഥപറയുന്ന ‘പള്ളി പുരാണം’ ഡോക്യൂമെന്ററി പ്രദർശനത്തിന് ദോഹ സാക്ഷിയായി. ഫനാർ എജുക്കേഷനൽ റിസർച്ച് ഫൗണ്ടേഷൻ നിർമിച്ച്, എം. നൗഷാദ് സംവിധാനം ചെയ്ത ചരിത്രസഞ്ചാരത്തിന് ഖത്തറിലെ ഐ.സി.ബി.എഫ് കാഞ്ചാനി ഹാളിലെ നിറഞ്ഞ സദസ്സ് സാക്ഷിയായി.
കേരളത്തിലെ പൗരാണിക മുസ്ലിം പള്ളികളുടെ ചരിത്രവും പൈതൃകവും ചുരുൾ നിവർത്തുന്നതാണ് ‘പള്ളിപുരാണം’. മാലിക് ദീനാറും സംഘവും സ്ഥാപിച്ച പത്തു പള്ളികൾ മുതൽ പഴമയുടെ പ്രൗഢി തുടിച്ചുനിൽക്കുന്നതും നവീകരിക്കപ്പെട്ടതുമായ എല്ലാ ചരിത്രപ്രധാന മസ്ജിദുകളിലൂടെയും, അവയുടെ അകവും പുറവും ഒപ്പിയെടുക്കുന്ന ദൃശ്യസഞ്ചാരമാണ് പള്ളിപുരാണം.
ഡോക്യുമെന്ററി കവർ
വാസ്തുശില്പകലയിലെ സവിശേഷതകൾ, മുസ്ലിം സാംസ്കാരിക സ്വത്വരൂപീകരണത്തിൽ പള്ളികൾ വഹിച്ച പങ്ക്, ലിഖിതങ്ങൾ, സയ്യിദ്-സൂഫി സ്വാധീനങ്ങൾ, പള്ളി കേന്ദ്രീകൃത കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപുകൾ, ദർസ് സമ്പ്രദായം, പള്ളിക്കാടുകൾ, പള്ളി നവീകരണ പ്രവണതകൾ തുടങ്ങിയ വിവിധ മേഖലകളും പരിശോധിക്കുന്നു. നൂറിലേറെ പൗരാണിക പള്ളികൾ കാമറയിലൂടെ ഒപ്പിയെടുത്തതായി അണിയറ ശിൽപികൾ പറഞ്ഞു. ചലച്ചിത്ര പ്രവർത്തകൻ ഹർഷദ് പ്രൊജക്ട് ഡിസൈൻ നിർവഹിച്ചു. മാപ്പിള ഹെറിറ്റേജ് ലൈബ്രറി സഹകരണത്തോടെയാണ് പുറത്തിറക്കിയത്. പ്രദർശന ശേഷം, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഷാനവാസ് ടി.ഐ സദസ്സുമായി സംവദിച്ചു.
ഗ്ലോബൽ കെ.എം.സി.സി ട്രഷറർ എസ്.എ.എം ബഷീർ, സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദു സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ഗ്രെയ്സ് എജുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ അഷ്റഫ്, പി.എ റഷീദ്, ഡോ. മുജീബ് റഹ്മാൻ ടി, വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

