‘നിങ്ങൾ എന്നെ കാണുന്നുണ്ടോ...’; മുശൈരിബ് മ്യൂസിയത്തിൽ പ്രദർശനത്തിന് തുടക്കം
text_fieldsമുശൈരിബ് മ്യൂസിയത്തിൽ ആരംഭിച്ച ചിത്രപ്രദർശനത്തിൽനിന്ന്
ദോഹ: ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി മുശൈരിബ് മ്യൂസിയത്തിൽ കലാ പ്രദർശനത്തിന് തുടക്കം കുറിച്ചു. ‘നിങ്ങൾക്ക് എന്നെ കാണുന്നുണ്ടോ’ എന്ന തലക്കെട്ടിൽ നൗഫാർ സെന്ററാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. നൗഫാർ സെന്ററും മുശൈരിബ് മ്യൂസിയവും ചേർന്ന് തുടർച്ചയായ രണ്ടാം വർഷമാണ് പ്രദർശനമൊരുക്കുന്നത്.
മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹത്തിലെ ബോധവത്കരണമാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു പ്രദർശനത്തിന് വീണ്ടും വേദിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, നൗഫാർ സെന്ററുമായുള്ള സഹകരണത്തിലൂടെ മാനസികാരോഗ്യം, ആസക്തി പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച സാമൂഹിക ധാരണകൾ മാറ്റുന്നതിനും ഈ വെല്ലുവിളികളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനും പ്രദർശനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുശൈരിബ് മ്യൂസിയം ജനറൽ മാനേജർ അബ്ദുല്ല അൽ നഅ്മ പറഞ്ഞു.
സെപ്റ്റംബർ 19ന് ആരംഭിച്ച പ്രദർശനം ഒക്ടോബർ 12 വരെ മുശൈരിബ് മ്യൂസിയത്തിലെ കമ്പനി ഹൗസിൽ തുടരും. നൗഫാർ സെന്ററിലെ എക്സ്പ്രസീവ് ആർട്ട് തെറപ്പി സെഷനുകളിൽ സൃഷ്ടിച്ച കലാസൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ പത്താണ് അന്താരാഷ്ട്ര മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

