ഹയ കാർഡുണ്ടോ; ഹയ സിം ലഭിക്കും
text_fieldsദോഹ: ലോകകപ്പ് വേളയിൽ ഖത്തറിലെത്തുന്ന സന്ദർശകർക്കും ആരാധകർക്കുമായി ഹയ സിം അവതരിപ്പിച്ച് ടെലികമ്യൂണിക്കേഷൻസ് ഓപറേറ്ററായ ഉരീദു രംഗത്ത്. ഹയ സിമ്മിനോടൊപ്പം നിലവിലെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും സമ്മാന പദ്ധതികളും ഉരീദു പ്രഖ്യാപിച്ചിട്ടുണ്ട്. ദോഹയിലെ ഉരീദു ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിലാണ് ഹയ സിം പ്രഖ്യാപിച്ചത്.
ഖത്തറിലെത്തുന്ന സന്ദർശകർക്ക് നവംബർ ഒന്നുമുതൽ ലഭ്യമാകുന്ന ഹയ സിം കാർഡുകളിൽ 2022 ലോക്കൽ മിനിറ്റുകൾ, 2022 ലോക്കൽ എസ്.എം.എസ് സേവനം, 2022 എം.ബി ഡേറ്റ എന്നിവയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ഓഫറുകളുടെ സാധുത മൂന്നുദിവസത്തേക്കായിരിക്കും. മൂന്നുദിവസത്തിനകം റീചാർജ് ചെയ്യുകയാണെങ്കിൽ തുടർന്നും ഉപയോഗിക്കാം.
ലോകകപ്പ് സമയത്ത് ആരാധകർക്കായി സമാനതകളില്ലാത്ത അനുഭവമാണ് തങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ചീഫ് കൊമേഴ്സ്യൽ ഓഫിസർ ശൈഖ് നാസർ ബിൻ ഹമദ് ബിൻ നാസർ ആൽഥാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹയ കാർഡുപയോഗിച്ച് ഖത്തറിലെത്തുന്ന ആരാധകർക്ക് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവിടങ്ങളിലെ ഡിസ്പെൻസിങ് മെഷീനുകളിൽനിന്നും ടാക്സികൾ, മെട്രോ സ്റ്റേഷനുകൾ, ഹോട്ടലുകൾ, ഫിഫ ആരാധകരുടെ താമസ സ്ഥലങ്ങൾ, ഫാൻ സോണുകൾ എന്നിവിടങ്ങളിൽനിന്നും ഹയ സിം ലഭ്യമാകും.
കൂടാതെ ഉരീദു ഔട്ട്‍ലറ്റുകൾ, ഫ്രാഞ്ചൈസികൾ, ഡീലർമാർ എന്നിവരിൽ നിന്നും സിം ലഭിക്കും. ഫിസിക്കൽ സിം രൂപത്തിലും ഇ-സിം രൂപത്തിലും ഹയ സിം ലഭ്യമാണ്.