വാഹനം ഓടിക്കുമ്പോൾ കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്
text_fieldsദോഹ: വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശന മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത് കുട്ടികളുടെ സുരക്ഷക്ക് വലിയ അപകടമുണ്ടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിളി(55)ലെ ക്ലോസ് (3) അനുസരിച്ച്, ഇത്തരം പ്രവൃത്തി ശിക്ഷാർഹമാണ്.
വാഹനാപകടമുണ്ടായാൽ മുൻ സീറ്റിൽ ഇരിക്കുന്ന പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരേക്കാൾ ഗുരുതര പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത എട്ട് മടങ്ങ് കൂടുതലാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മുതിർന്നവരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് എയർബാഗുകൾ. അപകടമുണ്ടായാൽ ഇതിന്റെ ശക്തിയും ചെറിയ ശരീര വലുപ്പവും കാരണം കുട്ടികൾക്ക് മാരകമായ പരിക്കുകൾ സംഭവിക്കാനിടയുണ്ട്.
കുട്ടികളെ എല്ലായ്പ്പോഴും പിൻസീറ്റിൽ ഇരുത്തി അവരുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമായ സുരക്ഷ ഒരുക്കണം. കൊച്ചുകുട്ടികളാണെങ്കിൽ അവരുടെ സുരക്ഷക്കായുള്ള പ്രത്യേക സീറ്റുകൾ ഉറപ്പുവരുത്തണം. എല്ലാ യാത്രയിലും സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം. ഒരു സാഹചര്യത്തിലും കുട്ടികളെ വാഹനത്തിനുള്ളിൽ അശ്രദ്ധമായി വിടരുത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഒരു താൽപര്യമല്ല, ഉത്തരവാദിത്തമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

