ലൈസൻസില്ലെങ്കിൽ ഷോക്കടിക്കും
text_fieldsദോഹ: വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി, അനുബന്ധ ജോലികൾക്കായി നിങ്ങൾ ആശ്രയിക്കുന്നത് അംഗീകൃത ഇലക്ട്രീഷ്യൻസിനെ തന്നെയാണോ..?. അതോ, ലൈസൻസോ, വേണ്ടത്ര പരിശീലനമോ ഇല്ലാത്തവരെയോ. വൈദ്യുതി സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കിടയിൽ പ്രചാരണ പരിപാടികളുമായി രംഗത്തിറങ്ങുകയാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനായ കഹ്റമ. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റുമായി ചേർന്നാണ് ലൈസൻസില്ലാത്ത ഇലക്ട്രിക്കൽ ജോലിക്കാരെ തടയുന്നതിനായി വീടുകളും മറ്റും കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ലൈസൻസില്ലാതെ വൈദ്യുതി ജോലികൾ നടത്തുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയെന്നതാണ് കാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കഹ്റമ എക്സ്റ്റൻഷൻസ് ഡിപ്പാർട്മെന്റ് മേധാവി എൻജി. സൽമ അലി അൽ ഷമ്മാരി ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പൊതുജന സുരക്ഷ ഉറപ്പാക്കുക, അംഗീകൃത മാനദണ്ഡങ്ങളും നിർദേശങ്ങളും അനുസരിച്ച് വൈദ്യുതി ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയും ഇതുവഴി ലക്ഷ്യമിടുന്നതായി അവർ അറിയിച്ചു.
വൈദ്യുതി ജോലികൾ ചെയ്യുന്നതിന് സ്പെഷലൈസ്ഡ്, ലൈസൻസുള്ള ടെക്നീഷ്യന്മാരെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് കാമ്പയിൻ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇലക്ട്രിക്കൽ, പ്ലംബിങ് തുടങ്ങിയ ബിസിനസ് മേഖലകളിൽ പ്രത്യേക ലൈസൻസുകൾ നൽകിക്കൊണ്ട് രാജ്യത്ത് ടെക്നീഷ്യൻമാർക്കുള്ള ലൈസൻസിൽ കഹ്റമ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്കൽ, പ്ലംബിങ് കമ്പനികൾ, ഇലക്ട്രിക്കൽ കോൺട്രാക്ടർമാർക്കും പ്ലംബർമാർക്കും വേണ്ടി അറ്റകുറ്റപ്പണി നടത്തുന്നവർ എന്നിവർ ഇതിൽ ഉൾപ്പെടും.
ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികളിൽ പ്രായോഗിക പരിചയവും സാങ്കേതിക വൈദഗ്ധ്യവും തൊഴിലാളികൾക്കുണ്ടെന്ന് ഉറപ്പാക്കുകയാണ് ലൈസൻസ് നൽകുന്നതിന്റെ ഉദ്ദേശ്യം. ലൈസൻസിന് അപേക്ഷിക്കാൻ താൽപര്യമുള്ളവർക്ക് കഹ്റമയുടെ വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കമ്പനികൾ, കരാറുകാർ, ടെക്നീഷ്യന്മാർ എന്നിവർക്ക് ലൈസൻസിനായി അപേക്ഷിക്കാം. രണ്ടു വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് ലൈസൻസ് അപേക്ഷ സ്വീകരിക്കുന്നത്.
അക്കാദമി, അല്ലെങ്കിൽ സാങ്കേതിക വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികൾക്ക്, കഹ്റമ സാങ്കേതിക സംഘം തയാറാക്കുന്ന പ്രായോഗികം ഉൾപ്പെടുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാവും ലൈസൻസ് നൽകുന്നത്. ഒരു വർഷം കാലാവധിയുള്ള ലൈസൻസ് പിന്നീട് പുതുക്കാവുന്നതാണ്.
ഉപഭോക്താക്കളും വസ്തു ഉടമകളും ഇലക്ട്രിക്കൽ കണക്ഷനുകൾക്കും പ്ലംബിങ് ജോലികൾക്കും കോർപറേഷന്റെ അംഗീകാരം ലഭിച്ച കരാറുകാരുമായോ സാങ്കേതിക വിദഗ്ധരുമായോ മാത്രം ഉപയോഗിക്കണമെന്ന് കഹ്റമ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

