ഭിന്നശേഷി ബോധവൽക്കരണം; എം.ഇ.എസ് വിദ്യാർഥികൾ ദോഹ ഇന്റർനാഷനൽ സെന്റർ ഫോർ സ്പെഷൽ നീഡ്സ് സന്ദർശിച്ചു
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ സ്പെഷൽ നീഡ്സ് സന്ദർശിച്ചപ്പോൾ
ദോഹ: വിദ്യാർഥികളിൽ സഹാനുഭൂതിയും ഉൾക്കൊള്ളൽ മനോഭാവവും വളർത്തുന്നതിനായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ദോഹ ഇന്റർനാഷനൽ സെന്റർ ഫോർ സ്പെഷൽ നീഡ്സ് സന്ദർശിച്ചു. സ്കൂളിന്റെ ഡിസെബിലിറ്റി അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച പഠനയാത്രക്ക് ജൂനിയർ സെക്ഷൻ കൗൺസിലർ ഫഷ്ന അബ്ദുൽ സമദ് നേതൃത്വം നൽകി. ഭിന്നശേഷിക്കാർ നേരിടന്ന വെല്ലുവിളികളെ കുറിച്ച് നാലാം ക്ലാസ് വിദ്യാർഥികളെ ബോധവാന്മാരാക്കാനും അവരോടുള്ള ബഹുമാനവും ആദരവും വളർത്താനുമാണ് സന്ദർശനം സംഘടിപ്പിച്ചത്.
ദോഹ ഇന്റർനാഷനൽ സെന്റർ ഫോർ സ്പെഷൽ നീഡ്സ് സെന്ററിലെ സ്പീച്ച് ആൻഡ് ലാംഗ്വേജ് പത്തോളജിസ്റ്റ് ദിൽന വിദ്യാർഥികൾക്കായി ക്ലാസെടുത്തു. വിവിധ തരത്തിലുള്ള ഭിന്നശേഷികളെക്കുറിച്ചും പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് എങ്ങനെ പിന്തുണയും അനുകൂലമായ സാമൂഹികാന്തരീക്ഷവും ഒരുക്കാം എന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചു.
സെന്റർ ജനറൽ മാനേജരും ഭിന്നശേഷി വിഭാഗം കൺസൽട്ടന്റുമായ ഡോ. ഹാല വിദ്യാർഥികളുമായി സംവദിച്ചു. യുവതലമുറയിൽ സഹാനുഭൂതിയും സ്വീകാര്യതയും വളർത്തേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ഓട്ടിസം പോലുള്ള രോഗാവസ്ഥകളെക്കുറിച്ച് വിദഗ്ധർ കുട്ടികൾക്ക് ലളിതമായ രീതിയിൽ വിശദീകരിച്ചു നൽകി. ഭിന്നശേഷിക്കാരുടെ സവിശേഷമായ കഴിവുകളെക്കുറിച്ചും അവർ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ സന്ദർശനം കുട്ടികൾക്ക് അവസരമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

