പ്രവാസി പെന്ഷന് ഉടൻ വിതരണം ചെയ്യുക; മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsദോഹ: മുടങ്ങി കിടക്കുന്ന പ്രവാസി പെന്ഷന് ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവാസികാര്യ വകുപ്പ് കൈകാര്യ ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) നിവേദനം നൽകി. വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത്, കേരള ഗവൺമെന്റിന്റെ പ്രവാസി ക്ഷേമ നിധിയില്‍ അംഗങ്ങളായി മാസം തോറും കൃത്യമായി വിഹിതം അടച്ചു ക്ഷേമപദ്ധതിയില്‍ വിശ്വാസമര്‍പ്പിച്ച്, പെന്ഷന് തുകയെ ആശ്രയിച്ചു കഴിയുന്ന ആയിരകണക്കിന് മുൻ പ്രവാസികളും അവരുടെ കുടുംബാഗങ്ങളുമാണ് ദുരിതത്തിലായത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പലരും മരുന്നിനും മറ്റ് നിത്യചെലവുകള്ക്കുമായി ആശ്രയിക്കുന്നത് ഈ പെന്ഷന് തുകയാണ്.
ഇതു മാസങ്ങളോളം നല്‍കാതിരിക്കുന്നത് പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. കൂടാതെ, പുതിയ പെന്ഷന് അപേക്ഷകള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു വൈകിപ്പിക്കുകയും ചെയ്യുന്നു. മാസങ്ങളായി പെന്ഷന് വിതരണം നടത്താത്ത അപേക്ഷകളില്‍ എത്രയുംവേഗം നടപടി സ്വീകരിണമെന്നും നിവേദനത്തില്‍ ആവശ്യപെട്ടു.
ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് തോമസ് കുര്യന് നെടുംത്തറയില്‍, ജനറല്‍ സെക്രട്ടറി അനീഷ് ജോര്‍ജ് മാത്യു, ഉപദേശക സമിതി ചെയര്മാന് ജിജി ജോണ്‍ എന്നിവര്‍ ഒപ്പുവെച്ച നിവേദനം ഫോട്ടാ രക്ഷാധികാരി ജോണ്‍ സി. എബ്രഹാം, ട്രഷറര്‍ ജോര്‍ജ് കെ. തോമസ് എന്നിവര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

