ചരിത്രവും പൈതൃകവും എഴുതപ്പെടുന്നതിന്റെ അനുഭവങ്ങളുമായി ചർച്ച
text_fieldsദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന ചർച്ചയിൽനിന്ന്
ദോഹ: ഖത്തറിന്റെ ചരിത്രവും പൈതൃകവും രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി 34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ചർച്ച ശ്രദ്ധേയമായി. ദേശീയ സ്വത്വത്തെ ശക്തിപ്പെടുത്തുന്നതിൽ എഴുത്തിന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു സെഷൻ. ആഴത്തിൽ വേരൂന്നിയ പൈതൃകത്തെ ഫലപ്രദമായി രേഖപ്പെടുത്തി ലൈബ്രറികളെയും വിജ്ഞാന സ്രോതസ്സുകളെയും സമ്പന്നമാക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശ്രമങ്ങളെയും ചൂണ്ടിക്കാട്ടി.
പുസ്തകമേളയുടെ പ്രധാന വേദിയിൽ നടന്ന പാനൽ ചർച്ചയിൽ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി രചിച്ച ഖത്തറിന്റെ ചരിത്രം വിശകലനം ചെയ്തു.
ഡോക്യുമെന്റേഷൻ, മ്യൂസിയം ശേഖരങ്ങൾ, വിജ്ഞാന പ്രോത്സാഹനം എന്നിവയിലൂടെ ഖത്തറിന്റെ പൈതൃകം സംരക്ഷിക്കുന്നതിൽ ശൈഖ് ഫൈസലിന്റെ വ്യക്തിപരമായ ശ്രമങ്ങൾക്കൊപ്പം സാംസ്കാരിക മന്ത്രാലയം, ഖത്തർ മ്യൂസിയം, ഖത്തർ നാഷനൽ ലൈബ്രറി, ഖത്തർ നാഷനൽ ആർക്കൈവ്സ് എന്നിവയുടെ പങ്കിനെയും പാനൽ പ്രശംസിച്ചു.
ഖത്തറുമായി ബന്ധപ്പെട്ട ഓർമകൾ രേഖപ്പെടുത്തുന്നതിലൂടെയും പുസ്തകങ്ങളും പ്രധാന വ്യക്തികളും ഉൾപ്പെടുന്ന അതിന്റെ ഉറവിടങ്ങൾ സംരക്ഷിക്കുന്നതിലൂടെയും ഖത്തറിന്റെ തനതായ പൈതൃകവും ചരിത്രവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി വ്യക്തമാക്കി.
ദോഹ അന്താരാഷ്ട്ര പുസ്തകമേളയെ ഖത്തറിന്റെ സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലായ സാംസ്കാരിക പരിപാടിയായും ചിന്തയുടെയും സർഗാത്മകതയുടെയും ആഘോഷമായും ഉയർത്തുന്നതിൽ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുറ്ഹാൻ ബിൻ ഹമദ് ആൽഥാനിയുടെ ശ്രമങ്ങളെ ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡന്റും സഹമന്ത്രിയുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി പ്രശംസിച്ചു. ഖത്തർ പ്രസ് സെന്റർ ബോർഡ് ചെയർമാൻ സഅദ് ബിൻ മുഹമ്മദ് അൽ റുമൈഹി, ഖത്തർ സർവകലാശാല പൊളിറ്റിക്കൽ സയൻസ് മുൻ പ്രഫസറും ശൂറ കൗൺസിൽ അംഗവുമായ ഡോ. യൂസുഫ് ബിൻ മുഹമ്മദ് അൽ ഉബൈദാൻ എന്നിവരും പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ദോഹ പുസ്തകമേളയിൽ ‘ഗൾഫ് മാധ്യമം’ വരിചേരാം
ഖത്തറിൽ പ്രസിദ്ധീകരിക്കുന്ന ഏക മലയാള ദിനപത്രമായ ‘ഗൾഫ് മാധ്യമം’ വരിചേരാൻ ദോഹ പുസ്തകമേളയിൽ അവസരം. ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഐ.പി.എച്ച് സ്റ്റാളിലാണ് സൗകര്യം ഒരുക്കിയത്. പ്രതിമാസ വരിമുതൽ ആറു മാസവും ഒരുവർഷവും വരെയുള്ള പാക്കേജുകൾ തെരുഞ്ഞെടുക്കുന്നവരുടെ വീടുകളിലേക്ക് ദിവസവും രാവിലെതന്നെ ‘ഗൾഫ് മാധ്യമ’വും എത്തും. 60 റിയാലാണ് മാസവരി സംഖ്യ. ആറുമാസത്തേക്ക് 300 റിയാലും ഒരുവർഷത്തേക്ക് 599 റിയാലുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 7719 0070, 7727 7602. ദോഹ പുസ്തകമേളയിലെ സ്റ്റാൾ നമ്പർ എച്ച് 3-58ലാണ് ഐ.പി.എച്ച് പവലിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

