ഗസ്സ: ചർച്ചകളിൽ ശുഭപ്രതീക്ഷയെന്ന് ഖത്തർ
text_fieldsവിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി വാർത്തസമ്മേളനത്തിൽ
ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദോഹയിൽ ആരംഭിച്ച പുതിയ ഘട്ട ചർച്ചകൾ ഫലം കാണുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഖത്തർ. വിവിധ കക്ഷികൾ പങ്കെടുക്കുന്ന ചർച്ചകൾ പുരോഗമിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. റഫക്കു നേരെ ആക്രമണമുണ്ടായാല്‍ അത് ചര്‍ച്ചയെ ബാധിക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്കി.
രൂക്ഷ ഭക്ഷ്യക്ഷാമം നേരിടുന്ന ഗസ്സയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും വെടിനിര്‍ത്തലിനും ഊന്നല്‍ നല്‍കിയാണ് ദോഹയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് വാരാന്ത്യ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫലത്തെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും പറഞ്ഞ അദ്ദേഹം, പ്രധാന കക്ഷിയെന്ന നിലയിൽ ഖത്തറിന് ശുഭപ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയില്‍നിന്നും ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ട്. അതേസമയം സമയപരിധി വെച്ചിട്ടില്ല, എന്നാല്‍ റഫക്കു നേരെ ആക്രമണമുണ്ടായാല്‍ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യുദ്ധം അവസാനിപ്പിക്കല്‍ ലക്ഷ്യമാണെങ്കിലും നിലവിലെ ശ്രമങ്ങള്‍ താല്‍ക്കാലിക വെടിനിര്‍ത്തലും മാനുഷിക സഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിനുമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

