Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭിന്നതകൾ...

ഭിന്നതകൾ പരിഹരിക്കേണ്ടത് സന്ധി സംഭാഷണങ്ങളിലൂടെ –അമീർ

text_fields
bookmark_border
ഭിന്നതകൾ പരിഹരിക്കേണ്ടത് സന്ധി സംഭാഷണങ്ങളിലൂടെ –അമീർ
cancel
camera_alt

ജി 20 ഉച്ചകോടിയിൽ സംസാരിക്കുന്ന ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി

ദോഹ: അഭിപ്രായ ഭിന്നതകൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണേണ്ടത് സമാധാനപരമായ മാർഗങ്ങളിലൂടെയാണെന്ന്​ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി. അഫ്ഗാൻ വിഷയത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി തലസ്​ഥാനമായ റോമിൽ വിളിച്ചു ചേർത്ത ജി-20 യോഗത്തിൽ സംസാരിക്കുകയായിരുന്നു അമീർ. ഉദ്​ഘാടന സെഷനിൽ വിഡിയോ കോൺഫറൻസിലൂടെയായിരുന്നു അമീർ സംസാരിച്ചത്​. അഫ്ഗാനിസ്താനിൽ വികസനവും പുരോഗതിയും കൊണ്ടുവരുന്നതിന് മുമ്പ് അവിടെയുള്ള ജനതയുടെ സുരക്ഷിതത്വവും സ്​ഥിരതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഖത്തർ ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. അഫ്ഗാൻ വിഷയത്തിലെ സുപ്രധാന യോഗം വിളിച്ചു ചേർത്ത ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2020 ഫെബ്രുവരി 29ന് അമേരിക്കയും താലിബാനും തമ്മിൽ ദോഹയിൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണ് അഫ്ഗാനിലെ സമാധാന ശ്രമങ്ങളെന്നും ഇരുകക്ഷികളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണങ്ങളാണ് കരാർ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചതെന്നും അമീർ വിശദീകരിച്ചു. അഫ്ഗാൻ കക്ഷികൾ തമ്മി​െല സംഭാഷണം, അഫ്ഗാനിസ്​താനിൽനിന്നുള്ള സഖ്യസേനയുടെ പിൻവാങ്ങൽ, മറ്റു രാജ്യങ്ങൾക്കെതിരായ നീക്കത്തിന്​ അഫ്ഗാൻ മണ്ണ് ഉപയോഗപ്പെടുത്താതിരിക്കൽ തുടങ്ങി നിരവധി വകുപ്പുകൾ ചേർന്നതാണ് ദോഹയിൽ ഒപ്പുവെച്ച ഉടമ്പടി. ഉടമ്പടി പ്രകാരം അഫ്ഗാനിസ്​താനിൽ സമാധാനവും സ്​ഥിരതയും ഉറപ്പുവരുത്താൻ നിലവിലെ ഇടക്കാല സർക്കാറിന് പൂർണ ഉത്തരവാദിത്തമുണ്ട്. അതോടൊപ്പം അഫ്ഗാനിസ്​താനിൽ മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അന്താരാഷ്​ട്ര സമൂഹത്തിനും ചുമതലകളേറെയാണ്. അതിനിയും വൈകിപ്പിക്കരുത് -അമീർ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്​താന് നൽകുന്ന സഹായം ഇനിയും തുടരണം. യു.എൻ സംവിധാനങ്ങളുപയോഗിച്ച് നൽകിവരുന്ന സഹായങ്ങൾ തുടരേണ്ടതുണ്ട്. അതോടൊപ്പം നിലവിലെ കലുഷിത സാഹചര്യങ്ങൾ പരിഹരിക്കുന്നതിനും അയവ് വരുത്തുന്നതിനും പരസ്​പര സഹകരണവും ചർച്ചകളും തുടരുകയും ചെയ്യണം. അഫ്ഗാനിസ്​താനിലെ നിർമാണ, വികസന ശ്രമങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു, പ്രത്യേകിച്ച് മാനുഷിക വികസനം. ഇടക്കാല സർക്കാർ ഇതിനായി പ്രത്യേക പദ്ധതികളും പാക്കേജുകളും രൂപപ്പെടുത്തി നടപ്പാക്കണം. അഫ്ഗാനിസ്​താനിൽനിന്ന്​ വിവിധ ദേശങ്ങളിലുള്ള പൗരന്മാരെയും കുടുംബത്തെയും പുറത്തെത്തിക്കുന്നതിനും അഫ്ഗാൻ ജനതയുടെ യാത്രകൾക്കും ഖത്തർ ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. കാബൂൾ അന്താരാഷ്​ട്ര വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമാക്കുന്നതിൽ ഖത്തറിൽനിന്നുള്ള സാങ്കേതിക വിദഗ്ധരുടെ പങ്ക് നിർണായകമാണെന്നും കേവലം 10 ദിവസത്തിനുള്ളിലാണ് സിവിൽ വിമാനങ്ങളെ സ്വീകരിക്കുന്നതിന് വിമാനത്താവളത്തെ പ്രാപ്തമാക്കിയതെന്നും അമീർ വ്യക്തമാക്കി. മനുഷ്യാവകാശങ്ങളും പൗരന്മാരുടെ അവകാശങ്ങളും ഒരിക്കലും ഇസ്​ലാമിക നിയമങ്ങളുമായി ഏറ്റുമുട്ടരുത്. അതേസമയം, നീതിയിലും സമത്വത്തിലും കാരുണ്യത്തിലും അധിഷ്ഠിതമാണ് ശരീഅ നിയമങ്ങൾ. ഖത്തറിൽ നിയമനിർമാണത്തിെൻറ അടിസ്​ഥാനം ഇസ്​ലാമിക നിയമവ്യവസ്​ഥ (ശരീഅ) ആണ്. വനിതകൾക്ക് അർഹമായ പ്രാതിനിധ്യം എല്ലായിടങ്ങളിലും നൽകുന്നുണ്ട്. ഇസ്​ലാമിക രാജ്യങ്ങളിൽ സമൂഹത്തിെൻറ നേർപാതിയായ വനിതകളെ ഒഴിവാക്കിയുള്ള സാമൂഹിക വികസനം അസാധ്യമാണ്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ രംഗങ്ങളിലും അവർക്ക് അർഹമായ പങ്കാളിത്തം നൽകണം. അവസാനമായി, അഫ്ഗാൻ ജനതക്കൊപ്പമാണ് ഖത്തർ. അവർക്കാണ് പിന്തുണ. അന്തസ്സോടെയും സമാധാനത്തിലും പരസ്​പ സഹിഷ്ണുതയിലും ജീവിക്കാൻ അവർക്ക് അവകാശമുണ്ട്. ജനങ്ങൾക്കിടയിൽ ഒരുവിധ വിവേചനവും പാടില്ല. ജി-20 രാജ്യങ്ങളിലെ നേതാക്കളും അന്താരാഷ്​ട്ര സമൂഹവും അഫ്ഗാൻ വിഷയത്തിൽ തങ്ങളുടെ ഉത്തരവാദിത്തം കാര്യക്ഷമമായി നിറവേറ്റണമെന്നും അമീർ വ്യക്തമാക്കി.

Show Full Article
TAGS:peace talksQatar
News Summary - Disagreements should be resolved through peace talks - Amir
Next Story