യാത്രക്കാരെ സഹായിക്കാൻ ഡിജിറ്റൽ കിയോസ്ക്
text_fieldsഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച ഡിജിറ്റൽ കിയോസ്ക്
ദോഹ: യാത്രക്കാർക്ക് വിവിധ സേവനങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കുന്ന പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റന്റ് കിയോസ്കുകളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അറ്റോസ്, റോയൽ ഷിഫോൾ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് കിയോസ്കുകൾക്ക് തുടക്കം കുറിച്ചത്.
വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് സൗകര്യപ്രദമായ ആക്സസ്, നാവിഗേഷനിലെ സഹായം, ഉപഭോക്തൃ സേവന ഏജന്റുമാരുമായുള്ള വിഡിയോ കാളുകൾ, യാത്രക്കാർക്ക് സുഗമമായ യാത്ര എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കിയോസ്കുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
യാത്രക്കാരുടെ അനുഭവങ്ങൾ മികവുറ്റതാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്കുകളെന്നും ഏറ്റവും പുതിയ സാങ്കേതികവിദ്യയിലും നൂതനമായ പരിഹാരങ്ങളിലും നിക്ഷേപം നടത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വിമാനത്താവളം ടെക്നോളജി, ഇന്നവേഷൻ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് സുഹൈൽ കദ്രി പറഞ്ഞു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്ര ചെയ്യുന്ന എല്ലാവർക്കും തടസ്സമില്ലാത്ത എയർപോർട്ട് അനുഭവം സൃഷ്ടിക്കുന്നതിന് അറ്റോസ്, റോയൽ ഷിഫോൾ ഗ്രൂപ് തുടങ്ങിയ പ്രമുഖരുമായി കൈകോർത്ത് പ്രവർത്തിക്കുന്നുണ്ടെന്നും സുഹൈൽ കദ്രി കൂട്ടിച്ചേർത്തു. തന്ത്രപ്രധാന പങ്കാളിയായ ഷിഫോളുമായി ചേർന്ന് യാത്രക്കാർക്ക് മികച്ച അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സംവിധാനം ആരംഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അറ്റോസിലെ മിഡിലീസ്റ്റ്, തുർക്കി സി.ഇ.ഒ മാർക് വീലന്റർഫ് പറഞ്ഞു.വിമാനത്താവളത്തിൽ വഴികണ്ടെത്തുന്നതിനുള്ള മാപ്പും വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും വിമാനത്താവള സേവനങ്ങൾ, റീട്ടെയിൽ, ഫുഡ് ആൻഡ് ബിവറേജസ് ഔട്ട്ലറ്റുകൾ, വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം 20 ഭാഷകളിലായി പ്രവർത്തിക്കുന്ന കിയോസ്കിൽ യാത്രക്കാർക്ക് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

