ആരോഗ്യമേഖലയിൽ ഡിജിറ്റൽ മുന്നേറ്റം; എച്ച്.എം.സി ലബോറട്ടറികളിൽ നവീകരണം
text_fieldsദോഹ: ആരോഗ്യമേഖലയിൽ വൻ ഡിജിറ്റൽ പരിവർത്തനവുമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കുതിപ്പ്. ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയും സ്മാർട്ട് ഹെൽത്ത് സംവിധാനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്.എം.സി) ലബോറട്ടറി രോഗനിർണയ -ജനിതക പരിശോധനകളിൽ വലിയ നവീകരണമാണ് ഒരുക്കിയിട്ടുള്ളത്.
എച്ച്.എം.സി ലാബുകളിൽ പ്രതിവർഷം രണ്ട് കോടിയിലധികം പരിശോധനകൾ വിജയകരമായി പൂർത്തിയാക്കുന്നുണ്ടെന്ന് ലബോറട്ടറി മെഡിസിൻ ആൻഡ് പത്തോളജി ചെയർപേഴ്സൻ ഡോ. ഐനാസ് അൽ കുവാരി ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യു.എൻ.എ) നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ആരോഗ്യ മേഖലയിലെ ഡിജിറ്റൽ പരിവർത്തനം. ലബോറട്ടറി പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തതിലൂടെ പരിശോധനാ ഫലങ്ങൾ പൂർണ്ണ സുരക്ഷിതത്വത്തോടെയും കൃത്യതയോടെയും ഉടനടി രോഗികളുടെ മെഡിക്കൽ റെക്കോർഡുകളിലേക്ക് ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ഇത് ഡോക്ടർമാർക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാനും രോഗികൾക്ക് മികച്ച സേവനം നൽകാനും സഹായിക്കുന്നു. ഇത് രോഗനിർണ്ണയത്തിനുള്ള സമയപരിധി ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ഘടകമായ മെഡിക്കൽ ലബോറട്ടറികളിൽ ആവശ്യമായ ഡിജിറ്റൽ മുന്നേറ്റങ്ങൾ നടത്തി, മികച്ച പുരോഗതി കൈവരിക്കാൻ സാധിച്ചു. എച്ച്.എം.സി ലബോറട്ടറികളിൽ പ്രതിവർഷം നടക്കുന്ന പരിശോധനകളിൽ, 1,53,000 ജനിതക പരിശോധനകളും ഉൾപ്പെടുന്നു.
പാരമ്പര്യ രോഗങ്ങൾ, ബ്ലഡ് കാൻസർ, ലിംഫ് നോഡുകളിലെ ജനിതക വ്യതിയാനങ്ങൾ എന്നിവ കണ്ടെത്താനുള്ള പരിശോധനകളും വിവാഹപൂർവ -നവജാത ശിശു പരിശോധനകളും ഇതിൽ ഉൾപ്പെടും. ഖത്തറിൽ ആദ്യമായി എച്ച്.എം.സി സ്വന്തമായി 'ക്ലിനിക്കൽ ഹോൾ എക്സോം സീക്വൻസിങ്' സേവനവും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫാർമകോജെനോമിക്സ്, ത്രോംബോഫീലിയ പരിശോധനകളും ആരംഭിച്ചതോടെ ഓരോ രോഗിക്കും അനുയോജ്യമായ പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
ശക്തമായ ജനപങ്കാളിത്തത്തിലൂടെ രക്തദാനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചതായി ഡോ. ഐനാസ് അൽ കുവാരി പങ്കുവെച്ചു. എച്ച്.എം.സിയുടെ 11 കേന്ദ്രങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട്. അപൂർവ രക്തഗ്രൂപ്പുകൾ 'ക്രയോപ്രിസർവേഷൻ' സാങ്കേതികവിദ്യ ഉപയോഗിച്ച് ദീർഘകാലം സൂക്ഷിച്ചുവെക്കാനുള്ള സംവിധാനവും നിലവിലുണ്ട്.
ഖത്തറിലെ ഏക ഹിസ്റ്റോകോംപാറ്റിബിലിറ്റി ലബോറട്ടറി വഴി വൃക്ക, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്. മുതിർന്ന കാൻസർ രോഗികൾക്കായുള്ള സ്റ്റെം സെൽ അധിഷ്ഠിത മജ്ജ മാറ്റിവെക്കൽ പരിശോധനകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനവുണ്ടായി.
അനാട്ടമിക്കൽ പതോളജി ലബോറട്ടറിയിൽ പ്രതിവർഷം 60,000-ത്തിലധികം ടിഷ്യു സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. ഇതിൽ 13 ശതമാനത്തോളം കേസുകൾ കാൻസർ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട സംശയങ്ങളോ ഉള്ളവയാണ്. അത്യാധുനിക പരിശോധനകൾ വഴി കാൻസർ നേരത്തെ കണ്ടെത്താൻ സാധിക്കുന്നത് ചികിത്സ എളുപ്പമാക്കുന്നു. ഹൃദ്രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള ലിപ്പോപ്രോട്ടീൻ(എ) പരിശോധന, ഗർഭകാലത്തെ പ്രീ-എക്ലാംപ്സിയ പരിശോധന, ശ്വാസകോശ വൈറസുകൾ കണ്ടെത്താനുള്ള നൂതന പി.സി.ആർ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തി.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ഖത്തർ വലിയ നേട്ടമാണ് സ്വന്തമാക്കിയത്. റോയൽ കോളേജ് ഓഫ് പതോളജിസ്റ്റ്സ് ഫെലോഷിപ്പ് പരീക്ഷകൾക്കുള്ള അംഗീകൃത കേന്ദ്രമായി എച്ച്.എം.സി മാറിയെന്നും, ഖത്തർ യൂണിവേഴ്സിറ്റിയുമായുള്ള അക്കാദമിക് സഹകരണം കൂടുതൽ ശക്തമാക്കിയെന്നും ഡോ. ഐനാസ് അൽ കുവാരി കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യ, ശാസ്ത്രീയ ഗവേഷണം, വിദഗ്ദ്ധരായ പ്രൊഫഷണലുകൾ എന്നിവയുടെ മോൽനോട്ടത്തിൽ ഖത്തറിലെ രോഗീസുരക്ഷയും ആരോഗ്യപരിപാലനവും കൂടുതൽ സ്മാർട്ടായി മാറുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

