കോവിഡ് കാലത്ത് പ്രമേഹരോഗികൾ ഏറെ ശ്രദ്ധിക്കണം
text_fieldsദോഹ: കോവിഡ് -19 പശ്ചാത്തലത്തിൽ പ്രമേഹരോഗികൾ ഏറെ ശ്രദ്ധിക്കണം. പ്രമേഹ രോഗികൾക്ക് പെട്ടെന്ന് രോഗം പിടിപെടാൻ സാധ്യതയുണ്ട്. രോഗ പ്രതിരോധശേഷി കുറവാണെന്നതാണ് ഇതിന് കാരണം. ഇവർ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലും മുൻകരുതലുകളെടുക്കുന്നതിലും കൂടുതൽ ജാഗ്രത പാലിക്കണം. പ്രമേഹ രോഗികൾക്കായി പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അവ താഴെ:
1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തണം. ഇതിന് ഡോക്ടറുടെ ഉപദേശം തേടുക.
2. ധാരാളമായി വെള്ളം കുടിക്കുകയും ശരീരത്തിലെ നിർജലീകരണം ഒഴിവാക്കുകയും ചെയ്യുക.
3. സന്തുലിതമായ ഭക്ഷണശീലം പാലിക്കുക. ഇതിന് ഡോക്ടറുടെ ഉപദേശം തേടുക.
4. വർഷംതോറുമുള്ള വാക്സിനുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
5. വീട്ടിലാണെങ്കിലും വ്യായാമങ്ങൾ ശീലമാക്കുക.
6. സാമൂഹിക അകലം പാലിക്കുക. പാർക്കുകൾ, പൊതു സ്ഥലങ്ങൾ ഒഴിവാക്കുക. ആളുകൾ നിരന്തരം സ്പർശിക്കുന്ന ഇടങ്ങളിൽ സ്പർശിക്കാതിരിക്കുക.
7. പുറത്തേക്കിറങ്ങുമ്പോൾ മാസ്കും കൈയുറകളും ധരിക്കുക. വീട്ടിൽ കൂടുതൽ പേരുണ്ടെങ്കിലും സുരക്ഷ മുൻനിർത്തി മാസ്കും കൈയുറകളും ധരിക്കാൻ ശ്രദ്ധിക്കുക.
8. വ്യക്തിശുചിത്വം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ഇടവിട്ട് കൈകൾ 20 സെക്കൻഡ് നേരം സോപ്പുപയോഗിച്ച് വൃത്തിയാക്കുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക.
9. നിരന്തരം സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത് ത്വക്കിലെ ജലാംശം കുറക്കുന്നതിന് കാരണമാകും. ഈ സാഹചര്യത്തിൽ ഡോക്ടറുടെ ഉപദേശം തേടി ഹാൻഡ് ക്രീം ഉപയോഗിക്കുക.
10. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിന് മരുന്നുകളുടെ വിവരങ്ങളും അതിെൻറ ഡോസേജും വ്യക്തമാക്കുന്ന പട്ടിക മുൻകൂട്ടി തയാറാക്കുക.
11. രണ്ടാഴ്ചയിലൊരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ ശ്രമിക്കുക.
12. ചികിത്സിക്കുന്ന ഡോക്ടറുടെ വിവരങ്ങൾ കൈയിൽ സൂക്ഷിക്കുക. അടിയന്തര ഘട്ടങ്ങളിൽ പുറത്ത് പോകാതെത്തന്നെ ചികിത്സ തേടാൻ ഇതുപകരിക്കും.
രോഗലക്ഷണങ്ങൾ കണ്ടാൽ:
.കോവിഡ് -19 ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണുക, സ്വയം സമ്പർക്കവിലക്കിൽ പോകുക, മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുക. മന്ത്രാലയത്തിെൻറ 16,000 ഹോട്ട്ലൈനിൽ ബന്ധപ്പെടുക.
.പ്രമേഹ രോഗികൾക്കുള്ള സിക്ക് ഡേ റൂൾസ് പാലിക്കുക.
.ഇക്കാലയളവിലും പ്രമേഹ രോഗത്തിനുള്ള മരുന്ന് തുടരുക. കൂടുതൽ വിവരങ്ങൾക്ക് 16099 നമ്പറിൽ ബന്ധപ്പെടുക. രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ നാല് മണിക്കൂർ ഇടവിട്ട് പരിശോധിക്കുക.
. മൂത്രവും രക്തത്തിലെ കീട്ടോണുകളും പരിശോധിക്കുക. മതിയായ ഇൻസുലിൻ ശരീരത്തിന് ലഭിക്കുന്നില്ലെങ്കിൽ രോഗാവസ്ഥ കൂടുകയും ചെയ്യും. വെള്ളം കൂടുതൽ കുടിക്കുക. ചെറിയ ഭക്ഷണ പദാർഥങ്ങൾ ഇടവിട്ട് കഴിക്കുക. ഒറ്റക്ക് ജീവിക്കുകയാണെങ്കിൽ കുടുംബാംഗത്തിെൻറ സഹായം തേടുക.
. രക്തത്തിലെ പഞ്ചസാരയുടെ അളവ് 300ന് മുകളിൽ കൂടുകയാണെങ്കിൽ ഭയപ്പെടേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രമേഹ ഹോട്ട്ലൈൻ 16099ൽ ബന്ധപ്പെട്ട് ആവശ്യമായ ഉപദേശം തേടുക.
. നേർത്ത ചൂടുവെള്ളത്തിൽ ഉപ്പിട്ട് വായ കഴുകുക.
.ശരീരോഷ്മാവ് പരിശോധിക്കുക.
കൂടുതൽ വിവരങ്ങൾക്കായി കോവിഡ് -19 ഹോട്ട്ലൈനായ 16000ൽ വിളിക്കുക.