ജയിച്ചിട്ടും യു.എ.ഇ വരമ്പത്തുതന്നെ
text_fieldsതുനീഷ്യക്കെതിരെ വിജയം ആഘോഷിക്കുന്ന സിറിയൻ ടീം അംഗങ്ങൾ
ദോഹ: ആദ്യ രണ്ട് കളിയിലും ജയം. ആറ് പോയൻറുമായി മുഴുവൻ സ്കോറും പോക്കറ്റിൽ. എന്നിട്ടും ഫിഫ അറബ് കപ്പിൽ യു.എ.ഇയുടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു പറയാനായിട്ടില്ല. ഗ്രൂപ് 'ബി'യിൽ വെള്ളിയാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ മോറിത്താനിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇമാറാത്തികളുടെ ജയം.
ആദ്യമത്സരത്തിൽ സിറിയ 2-1ന് വീഴ്ത്തിയതിെൻറ ആധികാരികതയൊന്നും മോറിത്താനിയയുടെ ജീവന്മരണ പോരാട്ടത്തിനു മുന്നിൽ നടന്നില്ല. റാസ് അബൂഅബൂദിലെ സ്റ്റേഡിയം 974ൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിെൻറ മൂന്നാം മിനിറ്റിൽ ഖലിൽ ഇബ്രാഹിം അൽ ഹമ്മാദിയാണ് എമിറേറ്റ്സ് സംഘത്തിെൻറ വിജയ ഗോളെത്തിച്ചത്.
അതുവരെ ഉജ്ജ്വലമായ ചെറുത്തു നിൽപുമായി പിടിച്ചു നിന്ന മോറിത്താനിയക്ക് ആശിച്ച ഒരു പോയൻറ് നഷ്ടമായി. രാത്രി 10ന് അൽ ബെയ്തിൽ നടന്ന അങ്കത്തിൽ കരുത്തരായ തുനീഷ്യയെ 2-0ത്തിന് അട്ടിമറിച്ച സിറിയയാണ് ഗ്രൂപ്പിലെ സ്ഥിതി സങ്കീർണമാക്കിയത്. ആദ്യ മത്സരത്തിൽ മോറിത്താനിയയെ 5-1ന് നിലംപരിശാക്കിയ തുനീഷ്യക്ക് സിറിയയുടെ ശക്തമായ ചെറുത്തുനിൽപിനും സ്പീഡ് ഗെയിമിനും മുന്നിൽ കളികൈവിട്ടു.
സ്വീഡിഷ് ക്ലബിൽ കളിക്കുന്ന ഒലിവർ കാസ്കാവോ ബോക്സിന് പുറത്തുനിന്നു തൊടുത്ത ലോങ് റേഞ്ചർ ഗോളിയെയും കടന്ന വലയിൽ പതിച്ചപ്പോൾ, നാലാം മിനിറ്റിൽതന്നെ തുനീഷ്യക്ക് അടിതെറ്റി. ഇതിനു പിന്നാലെയാണ്, ആദ്യപകുതിയുടെ അവസാന മിനിറ്റിൽ മധ്യനിരതാരം മുഹമ്മദ് അലി ബിൻ റംദാൻ ചുവപ്പുകാർഡുമായി പുറത്താവുന്നത്.
ഇതോടെ 10ലേക്ക് ചുരുങ്ങിയ തുനീഷ്യക്ക് തിരികെയെത്താൻ കഴിഞ്ഞില്ല. തൊട്ടു പിന്നാലെ, 47ാം മിനിറ്റിൽ മറ്റൊരു ലോങ്റേഞ്ച് കൂടി വലയിലെത്തിച്ച് സിറിയ കളി തങ്ങളുടെ വരുതിയിലാക്കി. നിലവിൽ ഗ്രൂപ്പിൽ യു.എ.ഇക്ക് ആറും സിറിയ തുനീഷ്യ ടീമിന് മൂന്നും പോയൻറാണുള്ളത്.
അവസാന റൗണ്ടിൽ യു.എ.ഇ, തുനീഷ്യയെയും സിറിയ മോറിത്താനിയയെയും നേരിടും. തുനീഷ്യക്കെതിരെ തോൽക്കാതിരുന്നാൽ യു.എ.ഇക്ക് അനായാസം ക്വാർട്ടർ ഉറപ്പിക്കാം. ഇല്ലെങ്കിൽ, ഹെഡ്ടുഹെഡും ഗോൾ വ്യത്യാസവുമൊക്കെയാവും നോക്കൗട്ട് തീരുമാനിക്കുക.