തണുപ്പിൽ സേഫാണ് മരുഭൂ ടൂറിസം
text_fieldsദോഹ: ശൈത്യകാലം സജീവമായതിനു പിറകെ, മരുഭൂമികളിലും കടൽ തീരങ്ങളിലും രാത്രിയും പകലുമായി സഞ്ചാരികളുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡെസേർട്ട് ടൂറിസം കൂടുതൽ സുരക്ഷിതവും ആകർഷകവുമാക്കാനുള്ള നടപടികളുമായി ഖത്തർ ടൂറിസവും രംഗത്ത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയും, അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കിയും താമസക്കാർക്കും അന്തർദേശീയ സന്ദർശകർക്കും ശൈത്യകാല ടൂറിസം അനുഭവങ്ങൾ മികച്ചതാക്കി മാറ്റുകയെന്നത് ഖത്തർ ടൂറിസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് കൺട്രോൾ വിഭാഗം മേധാവി അലി അൽ മുഹന്നദി പറഞ്ഞു.
മരുഭൂമിയിലെ ഉല്ലാസയാത്രകൾ ഖത്തരി സംസ്കാരത്തിന്റെ പ്രധാന ഭാഗവും ജനപ്രിയ വിനോദ പ്രവർത്തനവുമായാണ് വിലയിരുത്തുന്നത്. ക്യാമ്പിങ് സീസണിൽ എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് ഖത്തർ ടൂറിസം പ്രവർത്തിച്ചു വരുന്നു.
ശൈത്യകാല ആരംഭം മുതൽ അധികൃതർ സീലൈനിലെയും ഗരിയ്യയിലെയും ഫോർ വീൽ ഡ്രൈവ് ബൈക്ക് റെന്റൽ ഓഫിസുകളിൽ പരിശോധന കാമ്പയിൻ നടത്തി. വിനോദസഞ്ചാര മേഖലയിലുപയോഗിക്കുന്ന വാഹനങ്ങളുടെ പ്രവർത്തന മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കുന്ന 2018ലെ 20ാം നമ്പർ നിയമം ഇത്തരം ഓഫിസുകൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തി.
കൂടാതെ ശൈത്യകാലം ആരംഭിക്കാനിരിക്കെ സീലൈനിലെ സൗത്ത് സെക്യൂരിറ്റി ഡിപ്പാർട്മെന്റ്, ഗരിയ്യയിലെ നോർത്ത് സെക്യൂരിറ്റി ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ വാർഷിക പരിശോധനക്കും ഖത്തർ ടൂറിസം നേതൃത്വം നൽകി.
ക്യാമ്പിങ്ങിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും സ്വീകാര്യതക്കൊപ്പം നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും വലിയ പ്രാധാന്യമുണ്ടെന്ന് അൽ മുഹന്നദി ചൂണ്ടിക്കാട്ടി. ഖത്തറിന്റെ വൈവിധ്യമാർന്ന ആകർഷണങ്ങളും പരിപാടികളും അവതരിപ്പിക്കുന്ന ഖത്തർ ടൂറിസത്തിന്റെ ഹയ്യാക്കും ഖത്തർ എന്ന പുതിയ ഡെസ്റ്റിനേഷൻ കാമ്പയിനിൽ ഖത്തറിലെ പ്രസിദ്ധമായ ശൈത്യകാല വിനോദസഞ്ചാരത്തെ കൂടുതൽ ഉയർത്തിക്കാട്ടി ചിത്രീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

