ദന്തചികിത്സ ഇനി വീട്ടിലേക്ക്; മൊബൈൽ ഡെന്റൽ യൂനിറ്റുമായി നസീം
text_fieldsനസീം ഹെൽത്ത് കെയർ മൊബൈൽ ഡെന്റൽ ക്ലിനിക് ഉദ്ഘാടനം മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് മിയാൻദാദ്, ജനറൽ മാനേജർ ഡോ. മുനീർ അലി, ശൈഖ് അബ്ദുല്ല സൂൽതാൻ ഹസൻ ആൽഥാനി, ശൈഖ് ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ആൽഥാനി, കുൽജിത് സിങ് അറോറ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദോഹ: വിളിപ്പുറത്ത് ദന്ത പരിശോധന സൗകര്യങ്ങൾ. വീടുകളിലേക്ക് കുതിച്ചെത്തുന്ന മൊബൈൽ ഡെന്റൽ യൂനിറ്റിന് തുടക്കം കുറിച്ച് നസീം ഹെൽത്ത് കെയർ. ഖത്തറിലെ ആദ്യ സ്വകാര്യ മൊബൈൽ ഡെന്റൽ യൂനിറ്റായാണ് നസീം പുതിയ ആരോഗ്യപരിചരണ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. ഞായറാഴ്ച ദോഹ വെസ്റ്റിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ നസീം ഹെൽത്ത് കെയർ -33 ഹോൾഡിങ് മാനേജിങ് ഡയറക്ടർ മുഹമ്മദ് മിയാൻദാദ് വി.പി ഡെന്റൽ യൂനിറ്റിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ബുക്കിങ് അടിസ്ഥാനമാക്കി വീടുകളിൽ ദന്ത പരിശോധനയും ചികിത്സയും എത്തിക്കുക എന്നതാണ് നസീം മൊബൈൽ ഡെന്റൽ യൂനിറ്റിന്റെ പ്രവർത്തനം. രാത്രിയും പകലും ഒരുപോലെ ഡെന്റൽ ക്ലിനിക്കിന്റെ സേവനങ്ങൾ ഏവർക്കും ലഭ്യമാവും. രോഗികളുടെ സൗകര്യത്തിനനുസരിച്ച് വീടിനുള്ളിൽവെച്ചോ അല്ലെങ്കിൽ വാനിനുള്ളിൽ സജ്ജീകരിച്ച ആശുപത്രി സംവിധാനത്തിലോ പരിശോധിക്കാവുന്ന രീതിയിലാണ് മൊബൈൽ യൂനിറ്റിന്റെ പ്രവർത്തനം. ഡെന്റൽ ഫില്ലിങ്, ബ്ലീച്ചിങ്, ക്ലീനിങ് ട്രീറ്റ്മെന്റ് തുടങ്ങിയ സേവനങ്ങളെല്ലാം നൽകാൻ വാനിൽ തന്നെ സൗകര്യങ്ങൾ ലഭ്യമാണ്. ദോഹയിലെ മുൻനിര ഡെന്റൽ സെന്ററും ഖത്തറിലെ വലിയ സ്വകാര്യ ആരോഗ്യ ശൃംഖലയുമായ നസീമിന് 17 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്. ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യകൾ, ഏറ്റവും വിദഗ്ധരായ മെഡിക്കൽ ടീം എന്നിവയെല്ലാം നസീമിന്റെ പ്രത്യേകതകളാണ്. 161 രാജ്യങ്ങളിൽനിന്നുള്ളവർ നസീമിൽ ചികിത്സക്കായി എത്തുന്നുണ്ട്.
'രോഗികൾക്ക് ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനായി നസീം എല്ലായ്പ്പോഴും പരിശ്രമിക്കുന്നുണ്ട്. മികച്ച പരിചരണവും പിന്തുണയും വഴി അവരുടെ ജീവിതം സുഗമമാക്കുക എന്നതാണ് നസീമിന്റെ ലക്ഷ്യം'-ഫ്ലാഗ് ഓഫ് ചടങ്ങിൽ മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് മിയാൻദാദ് പറഞ്ഞു.
ദന്തചികിത്സയിൽ ഏറെക്കാലത്തെ ആവശ്യം കൂടിയാണ് മൊബൈൽ ഡെന്റൽ യൂനിറ്റ്. ഖത്തറിൽ ഇനിയും കൂടുതൽ പുതിയ സേവനങ്ങളും സൗകര്യങ്ങളും കൊണ്ടുവരാൻ കൂടിയാണ് ഞങ്ങൾ ഒരുങ്ങുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യത്തെ സ്വകാര്യ മൊബൈൽ ഡെന്റൽ യൂനിറ്റ് ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കുമായി സമർപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് നസീം ജനറൽ മാനേജർ ഡോ. മുനീർ അലി പറഞ്ഞു. പൂർണമായും എല്ലാ ദന്തചികിത്സ സേവനങ്ങളും നൽകാൻ സൗകര്യമുള്ളതാണ് മൊബൈൽ യൂനിറ്റെന്നും അദ്ദേഹം വിശദീകരിച്ചു.
ശൈഖ് അബ്ദുല്ല സൂൽതാൻ ഹസൻ ആൽഥാനി, ശൈഖ് ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ആൽഥാനി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കുൽജിത് സിങ് അറോറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മൊബൈൽ ഡെന്റൽ ക്ലിനിക് ഫ്ലാഗ് ഓഫ് നിർവഹിക്കുന്നു