പ്രതിരോധ -സുരക്ഷ; പ്രവർത്തനങ്ങളിലേർപ്പെട്ടവരെ ആദരിച്ചു
text_fieldsഅൽ വക്റ തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ സുരക്ഷാ പ്രവർത്തനങ്ങളിലേർപ്പെട്ടവരെ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് ആൽഥാനി ആദരിക്കുന്നു
ദോഹ: അടിയന്തര സാഹചര്യങ്ങളിൽ പ്രതിരോധ-സുരക്ഷാ പ്രവർത്തനങ്ങളിലേർപ്പെട്ടവരെ ആദരിച്ച് ഖത്തർ. അൽ വക്റ തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ സിവിൽ ഡിഫൻസ് ടീമുമായി സഹകരിച്ചവരെയാണ് കഴിഞ്ഞദിവസം ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് ആൽഥാനി ആദരിച്ചത്.
ഒക്ടോബർ 22ന് അൽ വക്റ തുറമുഖത്തുണ്ടായ തീ പിടിത്തത്തിൽ നിരവധി മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചിരുന്നു. എന്നാൽ, സിവിൽ ഡിഫൻസ് ടീമിന്റെയും ഖത്തർ പൗരന്മാരുടെയും താമസക്കാരുടെയും അവസരോചിത ഇടപെടലിൽ തീ പെട്ടെന്ന് അണക്കാൻ സാധിച്ചു. സംഭവത്തിൽ ആളപായമില്ല.
തീപിടിത്തത്തിൽ ആദരിക്കപ്പെട്ടവർ മാതൃകപരമായ ഇടപെടലുകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. ധീരമായ നിലപാടുകൾക്കും ഇടപെടലുകൾക്കും ആദരസൂചകമായി പ്രശംസാ പത്രങ്ങൾ സമ്മാനിച്ചു. തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിനിടയിൽ സുരക്ഷാ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ പിന്തുണച്ചതിലുള്ള അവരുടെ നിലപാടുകൾക്കും ക്രിയാത്മകമായ ശ്രമങ്ങൾക്കുമുള്ള അംഗീകാരമാണിത്.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിലും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും അവർ പ്രകടിപ്പിച്ച ഉയർന്ന ഉത്തരവാദിത്തബോധം, സഹകരണ മനോഭാവവും ഇത് വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ, സുരക്ഷാ-സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനിടെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തവർക്കായിരുന്നു ആദരമേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

