അമീരി ദീവാൻ ഉദ്യോഗസ്ഥരുടെ മരണം;അനുശോചിച്ച് പ്രധാനമന്ത്രി
text_fieldsദോഹ: ഈജിപ്തിലെ ശറമുശ്ശൈഖിലുണ്ടായ കാർ അപകടത്തിൽ ഖത്തർ അമീരി ദീവാനിലെ മൂന്ന് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി അനുശോചനമറിയിച്ചു. തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിനിടെ മരണപ്പെട്ട അമീരി ദീവാനിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ദുഃഖവും അനുശോചനവും അറിയിക്കുന്നു. ദൈവം അവർക്ക് കാരുണ്യം ചൊരിയട്ടെയെന്നും, കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും എക്സ് പോസ്റ്റിൽ അദ്ദേഹം വിശദമാക്കി.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ഭരണകാര്യ ഓഫിസിൽ പ്രവർത്തിച്ചിരുന്ന സുഊദ് ബിൻ താമർ ആൽ ഥാനി, അബ്ദുല്ല ഗാനിം അൽ ഖയാരിൻ, ഹസൻ ജാബിർ അൽ ജാബിർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അബ്ദുല്ല ഈസ അൽ കുവാരി, മുഹമ്മദ് അബ്ദുൽ അസീസ് അൽ ബുഅനൈൻ എന്നിവരെ ചികിത്സക്കായി ശറമുശ്ശൈഖിലെ ഇന്റർനാഷനൽ ഹോസ്പിറ്റലിൽ അടിയന്തരമായി പ്രവേശിപ്പിച്ചു. തുടർചികിത്സക്കായി ഇവരെ ഞായറാഴ്ച ദോഹയിലെത്തിച്ചു. ശറമുശ്ശൈഖിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള തീരദേശ റോഡിലാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് വിവരം. സംഭവത്തിൽ ഈജിപ്ഷ്യൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങൾ അനുശോചനം അറിയിച്ചു. അനുശോചനവും ദുഃഖവും അറിയിച്ച അറബ് പാർലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബിൻ അഹ്മദ് അൽ യമ്മാഹി ദൈവം അവരോട് കരുണ കാണിക്കട്ടെയെന്നും, കുടുംബാംഗങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകാൻ ദൈവത്തോട് പ്രാർഥിക്കുന്നതായും പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിശദമാക്കി. സംഭവത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) അനുശോചനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

