പാതിയിൽ നിലച്ച പാട്ടുപോലെ കുപ്പായി പോയ്മറഞ്ഞു
text_fieldsദോഹയിലെ വേദിയിൽ ഗാനമാലപിക്കുന്ന ഫൈസൽ കുപ്പായി
ദോഹ: കേൾക്കുന്നതൊന്നും സത്യമാവരുതേ എന്ന പ്രാർഥനയിലായിരുന്നു ഖത്തറിലെ മലയാളികൾ. പാട്ടുകാരനും ചിത്രകാരനുമായി എല്ലാവരുടെയും പ്രിയപ്പെട്ടവനായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ശ്രദ്ധേയനായ സുഹൃത്തിനെ കാണാനില്ലെന്ന വാർത്തകൾക്കു പിന്നാലെ അവരെല്ലാം പല ദിക്കിലായി അന്വേഷണത്തിലായി. ആശുപത്രികളും മോർച്ചറി മുറിയും കയറിയിറങ്ങി തങ്ങളുടെ പ്രിയപ്പെട്ടവൻ അവിടെയില്ലെന്നുറപ്പിക്കുകയായിരുന്നു ഓരോരുത്തരും. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഫൈസൽ കുപ്പായിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദ് ഫൈസലിനെ കണ്ടെത്താനായില്ല. ഒടുവിൽ, വെള്ളിയാഴ്ച വൈകീട്ടോടെ ആ അപ്രിയ സത്യമെത്തി. ദോഹ അൽ മൻസൂറയിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഫൈസലിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയെന്ന വാർത്ത. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിലെത്തി ഭാര്യാസഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞതോടെ, കെട്ടിനിന്ന മേഘങ്ങൾ കണ്ണീരായി പെയ്തിറങ്ങി.
ശ്രുതിമധുരമായ പാട്ടുകളും ജീവൻതുടിക്കുന്ന ചിത്രങ്ങളുമായി ഖത്തറിലെ പ്രവാസി മനസ്സുകളിൽ ഇടംനേടിയ പ്രിയകലാകാരൻ പാതിവഴിയിൽ നിലച്ച പാട്ടുപോലെ ജീവിതത്തിൽ ഇറങ്ങിപ്പോയതിന്റെ ഞെട്ടലിലാണ് ഖത്തറിലെ ഓരോ മലയാളിയും. വിവിധ സാമൂഹിക, സന്നദ്ധ സംഘടനകളുടെ വേദികളിൽ നിത്യ സാന്നിധ്യമായിരുന്നു ഫൈസൽ. മാപ്പിളപ്പാട്ടും ഹിന്ദി, മലയാളം ചലച്ചിത്രഗാനങ്ങളും മനോഹരമായ സ്വരമാധുരിയിൽ ആലപിച്ച് കാണികളുടെ കൈയടി നേടിയ കലാകാരൻ ചുരുങ്ങിയകാലംകൊണ്ട് ജനമനസ്സിലും ഇടംപിടിച്ചു. തിങ്ങിനിറഞ്ഞ സദസ്സുകളിൽ പാട്ടുപാടുകയും അവരുടെ സന്തോഷവും അഭിനന്ദനവും വിനയത്തോടെ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഫൈസലിനെ കുറിച്ചുള്ള ഓർമകളായിരുന്നു മരണവാർത്തക്കുപിന്നാലെ സുഹൃത്തുക്കളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
പ്രിയപ്പെട്ട കുപ്പായി
നല്ല പാട്ടുകാരൻ എന്നതിനൊപ്പം, കാൻവാസിൽ ജീവൻതുടിക്കുന്ന ചിത്രങ്ങൾ കോറിയിട്ട കലാകാരനുമായിരുന്നു ഫൈസൽ കുപ്പായി. ചെറുപ്പത്തിൽതന്നെ മികച്ച ചിത്രകാരനായി പേരെടുത്ത ഫൈസൽ, ഖത്തറിലെ കരിയർ പടുത്തുയർത്തിയതും വരകളും പെയിന്റിങ്ങുമായാണ്. സ്കൂൾ പ്രായത്തിൽ കൈയിൽ കിട്ടുന്ന കടലാസുകളിൽ ഇഷ്ടനടന്മാരുടെ ചിത്രം വരച്ച് ശ്രദ്ധേയനായവൻ ജിദ്ദയിൽ പ്രവാസിയായെത്തിയപ്പോൾ വരകളുടെ ലോകം സജീവമാക്കി. സ്റ്റുഡിയോയും ചിത്ര രചനയുമായി കഴിഞ്ഞ 10 വർഷത്തോളം നീണ്ട സൗദി പ്രവാസത്തിനൊടുവിൽ കോവിഡിന് തൊട്ടുമുമ്പാണ് ഖത്തറിലെത്തുന്നത്.
പണ്ടുനാട്ടിൽ ചെയ്ത വസ്ത്രവിൽപന ദോഹയിലും തുടങ്ങാനായിരുന്നു പദ്ധതിയെങ്കിലും അദ്ദേഹം എത്തിപ്പെട്ടത് വരകളുടെയും പാട്ടിന്റെയും ലോകത്തുതന്നെയായിരുന്നു. ദോഹയിൽ ആർട് സ്റ്റുഡിയോ സ്ഥാപിച്ച് ഖത്തറിന്റെ ചിത്രങ്ങൾ പകർത്തി. അറബ് മജ് ലിസുകൾ സന്ദർശിച്ചും മറ്റും വരക്കുന്ന ചിത്രങ്ങൾക്ക് ആവശ്യക്കാരുമേറെയായിരുന്നു. ഞൊടിയിട വേഗത്തിൽ മുഖചിത്രം പകർത്തുന്ന ‘ഇൻസ്റ്റന്റ് പോർട്രെയ്റ്റ്’ കലാകാരൻ എന്നനിലയിൽ ശ്രദ്ധേയനായ ഫൈസൽ, മാളുകളിലും പ്രദർശനങ്ങളിലും ഈ കലാപ്രകടനവുമായി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ‘കുപ്പായി’ എന്ന പെൻ നെയിം കുറിച്ചിടുന്ന ഫൈസലിന്റെ വരകളിൽ വിഷയമാവാൻ കൊതിക്കുന്നവരായിരുന്നു ഏറെയും. തങ്ങളുടെ ചിത്രം വരച്ചിടാനുള്ള അഭ്യർഥനയുമായെത്തുന്നവരെയൊന്നും നിരാശപ്പെടുത്താതെ അദ്ദേഹം അതിവേഗത്തിൽ വരച്ചുവെച്ചു. ഖത്തറിലെ കമ്യൂണിറ്റി നേതാക്കൾ മുതൽ സാധാരണക്കാർക്കുവരെ നിരവധി ചിത്രങ്ങൾ അദ്ദേഹം നൽകി.
നല്ലനിലയിൽ പ്രവർത്തിച്ച ആർട്ട് സ്റ്റുഡിയോ വീടുനിർമാണത്തിന്റെ ആവശ്യത്തിനുവേണ്ടി ഒരു വർഷം മുമ്പാണ് വിറ്റത്. പിന്നീട്, സ്വന്തം താമസ സ്ഥലംതന്നെ കലാപ്രവർത്തനങ്ങൾക്കുള്ള ഇടമാക്കിമാറ്റി ഫൈസൽ തന്റെ കലാമേഖലയിൽ സജീവമായിരുന്നു. ഒപ്പം ജീവകാരുണ്യ മേഖലകളിലും അദ്ദേഹം കാര്യമായി ഇടപെട്ടതായി സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
അൽ മൻസൂറയിൽ തകർന്നുവീണ കെട്ടിടത്തിന് പിറകിലായിരുന്നു മാസങ്ങളായി ഇദ്ദേഹം താമസിച്ചത്. പുതിയ താമസസ്ഥലം അന്വേഷണത്തിന്റെ ഭാഗമായി രണ്ടാഴ്ചമുമ്പ് അപകടം സംഭവിച്ച കെട്ടിടത്തിലേക്ക് മാറിയ ഫൈസൽ അത് മടക്കയാത്രയിലേക്കുള്ള മാറ്റമാണെന്ന് അറിഞ്ഞില്ല. നിലമ്പൂരിലെ ചന്തകുന്ന് അബ്ദുൽ സമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസൽ. റബീനയാണ് ഭാര്യ. ബിരുദവിദ്യാർഥിനി റന ഫൈസൽ, സ്കൂൾ വിദ്യാർഥികളായ നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്.
തുർക്കി, സിറിയ ഭൂകമ്പം പ്രമേയമായി കഴിഞ്ഞ ഫെബ്രുവരി 23ന് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഫൈസലിന്റെ പെയിന്റിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

