ദോഹ: വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളാൽ മധുരിതമായിരിക്കും ഇനി രണ്ടാഴ്ചയിലേറെ സൂഖ് വാഖിഫ്. സൂഖ് വാഖിഫിൽ ആഗസ്റ്റ് നാല് വരെ തുടരുന്ന പ്രാദേശിക ഈത്തപ്പഴമേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി നിർവഹിച്ചു. പ്രാദേശിക ഈത്തപ്പഴ കർഷകരെ േപ്രാത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം വെച്ച് പരിസ്ഥിതി, നഗരസഭാ മന്ത്രാലയത്തിെൻറ സഹായത്തോടെ സൂഖ് വാഖിഫ് മാനേജ്മെൻറാണ് മേള സംഘടിപ്പിക്കുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്ന മൂന്നാമത് മേളയിൽ 73ലധികം ഫാമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷത്തിൽ നിന്നും അധികമായി 16 ഫാമുകളാണ് ഇത്തവണ മേളക്കെത്തിയിരിക്കുന്നത്. മേളയുടെ ഒന്നാം ദിവസം തന്നെ നൂറുകണക്കിനാളുകളാണ് ഈത്തപ്പഴമേളയിൽ സന്ദർശകരായി എത്തിയത്.
വില ഏഴ് റിയാൽ മുതൽ
ഉദ്ഘാടന ദിവസം തന്നെ ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ഇനം ഈത്തപ്പഴങ്ങളുടെ വിൽപന തകൃതിയായി നടന്നെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതിൽ പ്രധാനമായും ഖലസ്, ശിശി ഇനങ്ങളാണ് വിറ്റുപോയിരിക്കുന്നത്. കിലോക്ക് ഒമ്പത് റിയാലിന് വിൽപന നടത്തുന്ന ഇവ, മൂന്ന് കിലോക്ക് 25 റിയാൽ പ്രമോഷൻ വിലയിലാണ് മേളയിൽ ഉള്ളത്. ന്യായവിലക്ക് മികച്ച ഈത്തപ്പഴം ലഭിക്കുന്നുവെന്നതാണ് സന്ദർശകരെ മേളയിലേക്ക് ആകർഷിക്കുന്നത്.
ഖനീസി, ബർഹി, നെയ്ബത് സൈഫ്, ലുലു, റസീസ്, ഘാർ ഇനങ്ങളും ഏറെ പ്രിയപ്പെട്ടതാണ്. ഇവയിൽ പ ലതും ഏഴ് റിയാൽ മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
പത്ത് ടണ്ണിലധികം ഈത്തപ്പഴമാണ് ഒന്നാം ദിവസം തന്നെ വിൽപനക്കായി മേളയിലെത്തിയതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
മേളയോനുബന്ധിച്ച് ഈത്തപ്പഴത്തിന് പുറമേ, ഈത്തപ്പഴ തൈകളും ഈത്തപ്പനയിൽ നിർമ്മിച്ച കരകൗശല വസ്തുക്കളും ഉണ്ട്.