ഈത്തപ്പഴ മേള; ബെസ്റ്റ് ഡേറ്റ് ബാസ്കറ്റ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsസൂഖ് വാഖിഫിലെ ഈത്തപ്പഴ മേളയിൽനിന്ന്
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം സൂഖ് വാഖിഫ് മാനേജ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 10ാമത് ഈത്തപ്പഴ മേളയോടനുബന്ധിച്ച് നടത്തിയ ‘ബെസ്റ്റ് ഡേറ്റ് ബാസ്കറ്റ്’മത്സര വിജയികളെ പ്രഖ്യാപിച്ചു.ഖലാസ് ഡേറ്റ്സ് വിഭാഗത്തിൽ അബ്ദുൽഹാദി സുലൈമാൻ ഹൈദറിന്റെ ഫാമിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം ഖലീൽ മൻസൂർ അൽ ഹജ്രി ഫാം ഉടമകൾക്കും മൂന്നാം സ്ഥാനം അബ്ദുൽഹമീദ് അൽ അൻസാരി ഫാം ഉടമകൾക്കും ലഭിച്ചു. ‘ഷീഷി’ഈത്തപ്പഴ വിഭാഗത്തിൽ ഒന്നാം സ്ഥാനം അലി ഇബ്രാഹിം അൽ മാൽക്കിയുടെ ഫാമിനും രണ്ടാം സ്ഥാനം യൂസുഫ് അഹ്മദ് അൽ താഹിറിന്റെ ഫാമിനും മൂന്നാം സ്ഥാനം ശൈഖ് നാസിർ ബിൻ ജാസിം ആൽഥാനിയുടെ ഫാമിനും ലഭിച്ചു.
ഫെസ്റ്റിവൽ തുടങ്ങിയതിനുശേഷം 115,300 കിലോഗ്രാമിലധികം ഈത്തപ്പഴങ്ങളാണ് വിറ്റഴിച്ചത്. 49,045 കിലോ ഖലാസ്, 24,218 കിലോ ഷീഷി, 22,859 കിലോ ഖനീസി, 10,912 കിലോ ബർഹി, മറ്റുള്ള വിവിധ ഈത്തപ്പഴങ്ങൾ 8,232 കിലോ എന്നിങ്ങനെയാണ് വിൽപന നടത്തിയത്. കൂടാതെ 1,423 കിലോ മറ്റു പഴങ്ങളും വിൽപന നടത്തി. ഇതുവരെ ഏകദേശം 58,400 പേർ ഈത്തപ്പഴ മേള സന്ദർശിച്ചു.ആഗസ്റ്റ് ഏഴുവരെ നടക്കുന്ന മേളയിൽ ഖത്തറിൽ നിന്നുള്ള 114 ഫാമുകളാണ് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 വരെയും സന്ദർശകർക്ക് മേളയിൽ പ്രവേശിക്കാം.
രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്ന് വിളവെടുക്കുന്ന വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങൾ ഒരിടത്ത് ലഭ്യമാകുമെന്നതാണ് മേളയുടെ സവിശേഷത. കച്ചവട താൽപര്യങ്ങൾക്കപ്പുറം ഖത്തറിന്റെ കാർഷിക പാരമ്പര്യങ്ങൾ ആഘോഷിക്കുന്ന ഒരു പ്രധാന സാംസ്കാരിക -സാമൂഹിക പരിപാടി കൂടിയാണ് ഈ മേള.രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വിവിധയിനം ഈത്തപ്പഴങ്ങൾ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും മേളയിൽ പരിചയപ്പെടുത്തും. പ്രാദേശിക ഫാമുകളിൽനിന്നും കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉൽപന്നങ്ങളാണ് മേളയിലുണ്ടാവുക.
ഖത്തറിന്റെ സമ്പന്നമായ കാർഷിക പൈതൃകത്തെ, പ്രത്യേകിച്ച് ഈത്തപ്പഴ കൃഷിയെയും പ്രാദേശിക കർഷകരെയും പിന്തുണക്കുന്ന പരിപാടിയിൽ സന്ദർശകർക്ക് വിവിധ ഈത്തപ്പഴ ഇനങ്ങൾ വാങ്ങിക്കുകയും ആസ്വദിക്കുകയും ചെയ്യാം.ദേശീയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം വിവിധ ഇനം ഈത്തപ്പഴങ്ങളെ പരിചയപ്പെടുത്തുകയുമാണ് മേളയിലൂടെ ലക്ഷ്യംവെക്കുന്നത്. പ്രാദേശിക ഫാമുകൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള സുവർണാവസരമാണ് മേളയിലൂടെ കൈവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

