ഈത്തപ്പഴ മേള ജോർ: ആറു ദിവസത്തിനിടെ വിറ്റത് 80 ടൺ
text_fieldsദോഹ: സൂഖ് വാഖിഫിലെ ഈത്തപ്പഴ മേളയിൽ സന്ദർശക തിരക്കും കച്ചവടവും ജോർ. ആറു ദിവസത്തിനിടെ വിറ്റഴിച്ചത് 80 ടൺ ഈത്തപ്പഴമാണ്. അഗ്രികൾച്ചറൽ അഫയേഴ്സ് ഡിപ്പാർട്മെന്റുമായും സൂഖ് വാഖിഫ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച ഫെസ്റ്റിവൽ വിൽപനകൊണ്ടും പൊതുജന പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിനിടയിൽ പാകമായ പുതു ഈത്തപ്പഴ സീസണിന്റെ വരവറിയിച്ച് ആരംഭിച്ച ആദ്യ മേളയിൽ ഓരോ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒപ്പം, നനാതരം ഈത്തപ്പഴങ്ങളുടെ വിൽപനയും തകൃതിയായി പൊടിപൊടിക്കുന്നു.
പൗരന്മാരും താമസക്കാരും കുടുംബങ്ങളും വിനോദസഞ്ചാരികളും ഒരുപോലെ വൈവിധ്യമാർന്ന ഈന്തപ്പഴ മേള കാണാൻ സൂഖ് വാഖിഫിലേക്ക് ഒഴുകിയെത്തുകയാണ്. ഈത്തപ്പഴ പ്രേമികൾക്ക് മധുരമൂറും ഉത്സവകാലം സമ്മാനിച്ച ഈത്തപ്പഴ മേളയിൽ ആറുദിവസം കൊണ്ട് വിറ്റഴിച്ചത് 79,421 കിലോ ഈത്തപ്പഴമാണ്. 36,300 സന്ദർശകർ മേളക്കെത്തിയതായും അധികൃതർ അറിയിച്ചു. ഈത്തപ്പഴത്തിന് പുറമേ, 978 കിലോ പഴങ്ങളും വിറ്റുപോയി. അൽ ഖലാസ്, അൽ ശീശി, അൽ ഖനീസി, അൽ ബർഹി തുടങ്ങിയ ഈത്തപ്പഴ ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 33,181 കിലോ അൽ ഖലാസാണ് വിറ്റുപോയത്. പതിനേഴായിരം കിലോ ഗ്രാം ശീശിയും പതിനാറായിരം ഖനീസിയും ബർഹി (7036 കിലോഗ്രാം) എന്നിങ്ങനെയാണ് വിറ്റഴിച്ച ഈത്തപ്പഴ ഇനങ്ങൾ. മറ്റു പ്രാദേശിക ഈന്തപ്പഴ ഇനങ്ങളടക്കം 5420 കിലോഗ്രാം വിൽപനയും നടന്നു.
ജൂലൈ 24ന് ആരംഭിച്ച ഈത്തപ്പഴമേളയുടെ പത്താം പതിപ്പാണ് ഇത്തവണത്തേത്. ആഗസ്റ്റ് ഏഴുവരെ നടക്കുന്ന മേളയിൽ ഖത്തറിൽ നിന്നുള്ള 114 ഫാമുകളാണ് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 വരെയും സന്ദർശകർക്ക് മേളയിൽ പ്രവേശിക്കാം.
ഖത്തറിൽ ഈത്തപ്പഴ സീസൺ ആരംഭിക്കുന്ന വേളയിലാണ് സൂഖ് വാഖിഫിൽ മേള അരങ്ങേറുക. രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്ന് വിളവെടുക്കുന്ന വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങൾ ഒരിടത്ത് ലഭ്യമാകുമെന്നതാണ് മേളയുടെ സവിശേഷത. കച്ചവടതാൽപര്യങ്ങൾക്ക് അപ്പുറം ഖത്തറിന്റെ കാർഷിക പാരമ്പര്യങ്ങൾ ആഘോഷിക്കുന്ന ഒരു പ്രധാന സാംസ്കാരിക -സാമൂഹിക പരിപാടി കൂടിയാണിത്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വിവിധയിനം ഈത്തപ്പഴങ്ങൾ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും മേളയിൽ പരിചയപ്പെടുത്തും. പ്രാദേശിക ഫാമുകളിൽനിന്നും കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉൽപന്നങ്ങളാണ് മേളയിൽ ഉണ്ടാവുക.
ഖത്തറിന്റെ സമ്പന്നമായ കാർഷിക പൈതൃകത്തെ, പ്രത്യേകിച്ച് ഈത്തപ്പഴ കൃഷിയെയും പ്രാദേശിക കർഷകരെയും പിന്തുണക്കുന്ന പരിപാടിയിൽ സന്ദർശകർക്ക് വിവിധ ഈത്തപ്പഴ ഇനങ്ങൾ വാങ്ങിക്കുകയും ആസ്വദിക്കുകയും ചെയ്യാം. ദേശീയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം വിവിധ ഇനം ഈത്തപ്പഴങ്ങളെ പരിചയപ്പെടുത്തുകയുമാണ് മേളയിലൂടെ ലക്ഷ്യംവെക്കുന്നത്. പ്രാദേശിക ഫാമുകൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള സുവർണാവസരമാണ് മേളയിലൂടെ കൈവന്നിരിക്കുന്നത്.
ഉന്നത നിലവാരമുള്ള ഉൽപന്നങ്ങൾ, വർധിച്ചുവരുന്ന കർഷകരുടെയും ഫാമുകളുടെയും എണ്ണം, പൗരന്മാർ, താമസക്കാർ എന്നിവരുടെ വർധിച്ചുവരുന്ന പങ്കാളിത്തം എന്നിവ കാരണം ഫെസ്റ്റിവൽ വളരെയേറെ പ്രശസ്തി നേടിയിട്ടുണ്ട്. 2016ൽ ആദ്യ ഫെസ്റ്റിവലിൽ 19 ഫാമുകൾ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിൽ, 2024ൽ അത് 110 എണ്ണമായിരുന്നു. കഴിഞ്ഞ വർഷത്തെ മേളയിൽ 240 ടണിൽ അധികം ഈത്തപ്പഴങ്ങൾ വിറ്റഴിഞ്ഞു. 2023ലെ മേളയിൽ ഖത്തറിലെ 103 പ്രാദേശിക ഫാമുകളാണ് പങ്കെടുത്തത്. 219 ടൺ ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

