പുതുമോടിയിൽ അറിവിന്റെ ഗോപുരം
text_fieldsദാർ അൽ കുതുബ് അൽ ഖത്തരിയ ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ്
ബിൻ അബ്ദുർറഹ്മാൻ ആൽഥാനി സന്ദർശിക്കുന്നു
ദോഹ: ഖത്തറിന്റെയും പേർഷ്യൻ ഗൾഫ് മേഖലയുടെയും ആദ്യപുസ്തകാലയമായ ദാർ അൽ കുതുബ് അൽ ഖത്തരിയ നവീകരണത്തിനു ശേഷം വീണ്ടും തുറന്നു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ഉദ്ഘാടനം നിർവഹിച്ചു.
സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുർറഹ്മാൻ ബിൻ ഹമദ് ആൽ ഥാനി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു മേഖലയുടെത്തന്നെ ആദ്യത്തെ വായനകേന്ദ്രം തുറന്നു നൽകിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ഖത്തരി പബ്ലിഷിങ് ഹൗസസ്’ എന്ന പേരിൽ പ്രദർശനവും സംഘടിപ്പിച്ചു.
ഖത്തറിലെ അപൂർവമായ പുസ്തക ശേഖരങ്ങൾ, കൈയെഴുത്ത് രേഖകൾ ഉൾപ്പെടെ അമൂല്യമായ പുസ്തകങ്ങളും എഴുത്തുപ്രതികളും പ്രദർശിപ്പിച്ചു.
ഖത്തറിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിൽ ഒന്നാണ് ദാർ അൽ കുതുബ്. 2012ൽ ഖത്തർ ദേശീയ ലൈബ്രറി തുറക്കുന്നതു വരെ രാജ്യത്തിന്റെ നാഷനൽ ലൈബ്രറി എന്ന പദവിയും ദാർ അൽ കുതുബിനായിരുന്നു.
1962 ഡിസംബറിൽ കോർണിഷിൽനിന്ന് അധികം ദൂരെയല്ലാതെ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ ആരംഭിച്ച ഈ അക്ഷര സമുച്ചയം ഗൾഫ് മേഖലയിലെത്തന്നെ ആദ്യത്തെ പൊതു പുസ്തകാലയങ്ങളിൽ ഒന്നായി മാറി. 1982ലായിരുന്നു നാഷനൽ ലൈബ്രറി പദവി അമീരി ഉത്തരവിലൂടെ ലഭിക്കുന്നത്.
പുസ്തക ശേഖരങ്ങൾ വർധിക്കുകയും, വായനക്കാരുടെ എണ്ണം പെരുകുകയും ചെയ്തതോടെ പുതിയ കാലത്തിനൊത്ത ലൈബ്രറിയായി ഖത്തർ നാഷനൽ ലൈബ്രറി എജുക്കേഷൻ സിറ്റിയിൽ ഉയരാൻ തുടങ്ങിയതോടെയാണ് ദാർ അൽ കുതുബ് നിറം മങ്ങിത്തുടങ്ങിയത്. 2012ൽ ക്യു.എൻ.എൽ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ ദാർ അൽ കുതുബിന്റെ ദേശീയ ലൈബ്രറി പദവി മാറി.
തുടർന്ന് ലൈബ്രറി മ്യൂസിയമായി നിലനിർത്താനുള്ള നിർദേശത്തെ തുടർന്നാണ് നവീകരണം പൂർത്തിയാക്കി പുതുമോടിയും പ്രതാപവും ഉൾക്കൊണ്ട് ദാർ അൽ കുതുബ് വീണ്ടും തലയുയർത്തുന്നത്. രാജ്യത്തിന്റെ സാംസ്കാരിക- ബൗദ്ധിക പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സംവിധാനങ്ങൾകൂടി ഉൾക്കൊണ്ടാണ് ദാർ അൽ കുതുബ് നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

