ഐ.സി.സിയിൽ ഇന്ന് നൃത്തവിരുന്ന്
text_fieldsഐ.സി.സി നൃത്തമത്സരത്തിന്റെ വിശദാംശങ്ങൾ പ്രസിഡന്റ്
എ.പി. മണികണ്ഠൻ വിശദീകരിക്കുന്നു. വിധികർത്താക്കളായ
രേഖ സതീഷ്, ഡോ. ഗായത്രി സുബ്രഹ്മണ്യൻ എന്നിവർ സമീപം
ദോഹ: ഖത്തറിലെ 14ഓളം ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള നൂറിലേറെ വിദ്യാർഥികൾ മാറ്റുരക്കുന്ന ഐ.സി.സി ഇന്റർസ്കൂൾ നൃത്തമത്സരത്തിന് വെള്ളിയാഴ്ച അശോക ഹാൾ വേദിയാകും. പ്രവാസി ഇന്ത്യൻ വിദ്യാർഥികളുടെ നൃത്ത, കലാ മേഖലയിലെ മികവിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് വിപുലമായ രീതിയിൽ മത്സരപരിപാടി സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നൃത്തമേഖലയിൽ ദേശീയ -അന്തർദേശീയ വേദികളിൽ തിളങ്ങിയ ഡോ. ഗായത്രി സുബ്രഹ്മണ്യൻ, രേഖ സതീഷ് എന്നിവരാണ് വെള്ളിയാഴ്ച ഉച്ച മുതൽ രാത്രി വരെ നീളുന്ന മത്സരപരിപാടികളുടെ വിധികർത്താക്കളാകുന്നത്. ഇരുവരും സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ് ദോഹയിലെത്തിയത്.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പിടി, നാടോടിനൃത്തം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് ഐ.സി.സി അശോക ഹാളിൽ പരിപാടികൾക്ക് തുടക്കംകുറിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓരോ മത്സരത്തിലെയും വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.
വിദ്യാർഥികൾക്കിടയിൽ വൈരാഗ്യമില്ലാതെ, പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയുമുള്ള മത്സരങ്ങൾക്കാണ് ഇത്തരത്തിലുള്ള കലാവേദികൾ ഇടമൊരുക്കുന്നതെന്ന് നൃത്താധ്യാപികമാരും നർത്തകരുമായ ഡോ. ഗായത്രി സുബ്രഹ്മണ്യനും രേഖ സതീഷും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

