ദൈനംദിന എ.ഐ ഉപയോഗം: ഖത്തർ ആദ്യ പത്തിൽ
text_fieldsദോഹ: ദോഹ: ദൈനംദിന ജീവിതത്തിൽ നിർമിത ബുദ്ധി പ്രായോഗികമായി ഉപയോഗിക്കുന്നതിൽ ലോകത്തെ മികച്ച പത്ത് രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയതായി മൈക്രോസോഫ്റ്റിന്റെ 2026 ഒന്നാം പാദ റിപ്പോർട്ട്. 2026ൽ ഖത്തറിന്റെ എ.ഐ വിപണി 59 ദശലക്ഷം ഡോളറിലെത്തി. 2022-ലെ 31 ദശലക്ഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ഇരട്ടിക്കടുത്തെത്തി. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായി നിർമ്മാണം, ഊർജം, പൊതുഭരണം തുടങ്ങി വിവിധ മേഖലകളിൽ രാജ്യം തന്ത്രപരമായ നിക്ഷേപം നടത്തുന്നു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, നൈതികത, ഭരണം, ഗവേഷണം, ഡാറ്റാ മാനേജ്മെന്റ് എന്നീ ആറ് തൂണുകളിൽ അധിഷ്ഠിതമാണ് ഖത്തറിന്റെ എ.ഐ നയം. ഖത്തർ ഫൗണ്ടേഷൻ, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങൾ നിർമിത ബുദ്ധിയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിൽ മുൻപന്തിയിലാണ്. ഈ വർഷത്തെ വെബ് സമ്മിറ്റിൽ വികസനത്തിനും പ്രാദേശിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമുള്ള കേന്ദ്രം സ്ഥാപിക്കാൻ ഖത്തർ ഫൗണ്ടേഷൻ സ്കെയിൽ എ.ഐയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. പി.ഡബ്ല്യു.സി മിഡിൽ ഈസ്റ്റ്, ഓപൺ എ.ഐ തുടങ്ങിയ ആഗോള പ്രമുഖരുമായി ഖത്തർ വാർത്താവിനിമയ മന്ത്രാലയം സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ യാഥാർഥ്യമാക്കുന്നതിൽ മനുഷ്യമൂലധനത്തിലെ നിക്ഷേപവും സുശക്തമായ നിയമ ചട്ടക്കൂട് രൂപവത്കരിക്കുന്നതും നിർണായകമാണെന്ന് മിഡിൽ ഈസ്റ്റ് കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സിലെ നോൺ-റെസിഡന്റ് ഫെലോ നായിഫ് അൽ നബീത്ത് ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു. സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതുകൊണ്ടുമാത്രം രാജ്യങ്ങൾ പുരോഗമിക്കുന്നില്ല, മാറ്റവുമായി ഇടപഴകാൻ സജ്ജരായ സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെയാണ് പുരോഗതി ഉണ്ടാകുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

