വേനൽക്കുളിരേകാൻ ദഹ്ൽ അൽ ഹമാം റെഡി
text_fieldsനവീകരിച്ച ദഹ്ൽ അൽ ഹമാം പാർക്ക്
ദോഹ: കടുത്ത വേനൽ ചൂടിൽനിന്ന് രക്ഷനേടാനും ഒഴിവുസമയം ചെലവഴിക്കാനും ഇനി ഖത്തറിലെ പ്രധാനപ്പെട്ട പൊതുഇടങ്ങളിൽ ഒന്നായ ദഹ്ൽ അൽ ഹമാം പാർക്കിലേക്കെത്താം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദഹ്ൽ അൽ ഹമാം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകി.ദോഹയുടെ ഹൃദയഭാഗത്ത് കുടുംബത്തോടൊപ്പം വിനോദയാത്രക്കും ഒത്തുചേരലിനും, പ്രകൃതി സൗഹൃദ വിനോദം എന്നിവക്കുമുള്ള പ്രധാന ഇടമായി ഇനി ദഹ്ൽ അൽ ഹമാം പാർക്ക് മാറും. കളിസ്ഥലങ്ങൾ, ആംഫി തിയറ്റർ, ഫുഡ് കോർട്ടുകൾ, വിശാലമായ പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ദോഹ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിതി ചെയ്യുന്ന പാർക്ക്, പൊതുമരാമത്ത് അതോറിറ്റിയുമായി സഹകരിച്ചാണ് വികസനപദ്ധതി 2024-2030 ന്റെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഹരിതയിടങ്ങൾ വികസിപ്പിക്കുക, ജീവിത നിലവാരം ഉയർത്തുക, സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്. കുടുംബസമേതം ചെലവഴിക്കാൻ ഇരിപ്പിടങ്ങൾ, ആധുനിക ശൗചാലയങ്ങൾ, ജലസേചനത്തിനായി വാട്ടർ ടാങ്ക്, പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി മൂന്ന് സൗരോർജ ചാർജിങ് സ്റ്റേഷനുകളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
പാർക്കിൽ ഒരുക്കിയ നവീകരണങ്ങൾ
- കുട്ടികൾക്കായി നാല് കളിസ്ഥലങ്ങൾ
- 900 പേർക്ക് ഇരിക്കാവുന്ന ‘ദഹ്ൽ അൽ ഹമാം’ ഔട്ട്ഡോർ ആംഫി തിയറ്റർ
- ആഘോഷ പരിപാടികൾക്കും ഒത്തുചേരലുകൾക്കുമായി മൾട്ടി പർപ്പസ് ഹാൾ
- 390 മീറ്റർ ജോഗിങ് ട്രാക്ക്
- മൂന്ന് ഔട്ട്ഡോർ ഫിറ്റ്നസ് സോണുകൾ
- ബാസ്കറ്റ്ബാൾ കോർട്ട്
- മൂന്ന് ഭക്ഷണപാനീയ കിയോസ്കുകൾ
- പൂർണമായും സജ്ജീകരിച്ച കഫേ
- സന്ദർശകരെ ഉൾക്കൊള്ളാൻ 220 പാർക്കിങ് സ്ഥലങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

