സൈക്കിൾ യാത്രികരേ, ഇതിലേ...സൈക്കിൾ പാതകയൊരുക്കി അഷ്ഗാൽ
text_fieldsദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളിൽ കായിക ക്ഷമത നിലനിർത്തുന്നതിനുമായി രാജ്യത്തുടനീളം വിപുലമായ സൈക്കിൾ പാതകളുടെ ശൃംഖലയൊരുക്കി ഖത്തർ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് 3,430 കിലോമീറ്ററിലധികം അത്യാധുനിക സൈക്കിൾ ട്രാക്കുകളാണ് അഷ്ഗാൽ ഇതിനകം നിർമിച്ചത്.
അഷ്ഗാലിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ സൈക്കിൾ പാതകൾ
ഗതാഗത മന്ത്രാലയവുമായി സഹകരിച്ച്, സുസ്ഥിരവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ യാത്രാമാർഗങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 2013 മുതൽ 2025 വരെയുള്ള 12 വർഷത്തെ കാലയളവിലാണ് ഇത്രയും വിപുലമായ പാതാ ശൃംഖല യാഥാർത്ഥ്യമാക്കിയത്. അഷ്ഗാലിന്റെ പദ്ധതിയിൽ ഏറ്റവും സവിശേഷമായ നേട്ടങ്ങളിലൊന്ന് കോസ്റ്റൽ റോഡിന് സമാന്തരമായി നിർമിച്ച ഒളിമ്പിക് സൈക്കിൾ ട്രാക്കാണ്. 33 കിലോമീറ്റർ നീളമുള്ള ഈ അത്യാധുനിക ട്രാക്ക് പ്രൊഫഷണൽ സൈക്ലിസ്റ്റുകൾക്കും കായികപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്.
കൂടാതെ, രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളുമായി സൈക്കിൾ പാതകളെ ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. മെട്രോ സ്റ്റേഷനുകളിലേക്ക് പ്രവേശനമുള്ളതിനാൽ സൈക്കിൾ യാത്രക്കാർക്ക് മെട്രോ വഴിയുള്ള തുടർയാത്രകൾ ഏറെ എളുപ്പമാകും. മെട്രോ സ്റ്റേഷൻ പരിസരങ്ങളിൽ സെക്കിളുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സൈക്കിൾ യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനും മുൻഗണന നൽകി ആവശ്യമായ സംവിധാനങ്ങളും ഈ പാതകളിൽ അഷ്ഗാൽ ക്രമീകരിച്ചിട്ടുണ്ട്.
മോട്ടോർ വാഹനങ്ങളിൽ നിന്ന് വേർതിരിച്ച് സുരക്ഷിതമായ പ്രത്യേക ലൈനുകൾ, സുരക്ഷ വർധിപ്പിക്കുന്നതിനായി അത്യാധുനിക സ്മാർട്ട് സംവിധാനങ്ങൾ, പ്രത്യേക വിശ്രമ സ്ഥലങ്ങളും സൈക്കിളുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും സംവിധാനിച്ചിട്ടുണ്ട്. പാതകൾക്ക് ഇരുവശത്തുമായി മനോഹരമായ ഹരിത ഇടങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനൊപ്പം രാജ്യത്തെ പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടുകൾക്കും സുസ്ഥിര ഗതാഗത സംവിധാനങ്ങൾക്കും കരുത്തുപകരുന്നതാണ് അഷ്ഗാലിന്റെ ചുവടുവെപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

