ദോഹ: ഖത്തരി സഞ്ചാരിയായ ഖാലിദ് അൽ ജാബിർ പുതിയ സാഹസത്തിന് തയ്യാറെടുക്കുന്നു. വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്ത് നിന്നും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തേക്കുള്ള മോട്ടോർ സൈക്കിൾ സഞ്ചാരത്തിനാണ് ഖാലിദ് അൽ ജാബിർ ഒരുങ്ങുന്നത്. അലാസ്കയിൽ നിന്നും അർജൻറീനയിലെത്തുമ്പോൾ രണ്ട് അമേരിക്കകളിലെയും 15 രാജ്യങ്ങളിലൂടെ 43000 കിലോമീറ്ററായിരിക്കും അൽ ജാബിർ പിന്നിടുക. ‘ഇരുധ്രുവങ്ങൾക്കിടയിൽ’ എന്നാണ് ഈ സഞ്ചാരപാതയെ സഞ്ചാരികൾ വിളിച്ചുപോരുന്നത്.
ആർക്ട്ടികിെൻറ സമീപത്ത് നിന്നും തുടങ്ങി ദക്ഷിണ ധ്രുവത്തിന് സമീപം അവസാനിക്കുന്നത് കാരണമാണ് ഈ പേർ ലഭിച്ചത്. ഭൂമിയിലെ ഏറ്റവും വലിയ കരമാർഗമുള്ള പാതയാണ് ഖത്തരി സഞ്ചാരിക്കായി കാത്തിരിക്കുന്നത്. ഒമ്പത് ടൈം സോണുകളാണ് യാത്രക്കിടയിൽ അൽ ജാബിർ താണ്ടുക. ജൂലൈ 19ന് ആരംഭിക്കുന്ന യാത്ര കാനഡ, മെക്സിക്കോ, ഗ്വാട്ടിമല, ഹോണ്ടുറാസ്, നിക്കരാഗ്വേ, കോസ്റ്ററിക്ക, പനാമ, കൊളംബിയ, ഇക്വഡോർ, പെറു, ചിലി, അർജൻറീന, ഉറുഗ്വേ എന്നീ രാജ്യങ്ങൾ പിന്നിട്ട് അവസാനിക്കാൻ അഞ്ച് മാസമെടുക്കും.