കസ്റ്റംസ് ലേലങ്ങൾ ഇനി ഇ-മസാദ് വഴി
text_fieldsഐ.ടി, കമ്യൂണിക്കേഷൻ മന്ത്രാലയവും ജനറൽ കസ്റ്റംസും ചേർന്ന് പുറത്തിറക്കിയ കസ്റ്റംസ് ഇ-മസാദ്
ദോഹ: കസ്റ്റംസ് ലേല നടപടികൾക്ക് ഡിജിറ്റൽ വേഗവുമായി ജനറൽ കസ്റ്റംസ് അതോറിറ്റിയുടെ ‘ഇ-മസാദ്’ പ്ലാറ്റ്ഫോം പുറത്തിറക്കി. വാർത്താവിനിമയ-സാങ്കേതിക മന്ത്രാലയത്തിന്റെ ‘തസ്മു’ സ്മാർട്ട് പ്രോഗ്രാം വഴിയാണ് പുതിയ ‘കസ്റ്റംസ് ഇ-മസാദ്’ അവതരിപ്പിച്ചത്.
ജനുവരി 26ന് അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തിന്റെ ഭാഗമായാണ് ലേല നടപടികൾ കൂടുതൽ വേഗത്തിലും സുതാര്യമായും സാധ്യമാകുന്ന സ്മാർട്ട് സംവിധാനം ലഭ്യമാക്കുന്നത്.
ഉൽപന്ന മൂല്യനിർണയം മുതൽ സുരക്ഷിത പണമിടപാട് വരെയുള്ള മുഴുവൻ പ്രക്രിയകളും ഓട്ടോമാറ്റ് ചെയ്യുന്നതിലൂടെ ചെലവ് ചുരുങ്ങുക മാത്രമല്ല, ലളിതമായ ലേല നടപടിയും ഉറപ്പാക്കുന്നു. സാധുവായ ഖത്തർ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് സുരക്ഷിതമായ ബിഡിങ് ഉറപ്പുവരുത്താൻ നാഷനൽ ഓതന്റിക്കേഷൻ സിസ്റ്റം (തൗഥീഖ്) വഴി ലോഗിൻ ചെയ്തുകൊണ്ടാണ് കസ്റ്റംസ് ഇ-മസാദ് വഴി ലേല പ്രക്രിയയിൽ പങ്കെടുക്കേണ്ടത്.
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് വെബ്സൈറ്റ് വഴിയും ആപ് വഴിയും വസ്തുക്കൾ ബ്രൗസ് ചെയ്യാനും ബിഡുകൾ നൽകാനും ഇടപാടുകൾ സുരക്ഷിതമായി പൂർത്തിയാക്കാനും സാധിക്കും.
തസ്മൂ സ്മാർട്ട് ഖത്തർ വികസിപ്പിച്ച കസ്റ്റംസ് ഇ-മസാദ് നിലവിലുള്ള പരമ്പരാഗത സംവിധാനത്തിന് പകരമായി കസ്റ്റംസ് പ്രക്രിയക്ക് സമഗ്രമായ നവീകരണമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഖത്തർ ഡിജിറ്റൽ അജണ്ട 2030ന് അനുസൃതമായി ദേശീയ വികസനത്തിന്റെയും സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും പ്രധാന ശ്രമങ്ങളിലൊന്നാണ് കസ്റ്റംസ് ഇ-മസാദ് എന്ന് വാർത്താവിനിമയ, ഐ.ടി മന്ത്രാലയത്തിലെ ഡിജിറ്റൽ ഇന്നവേഷൻ ഡയറക്ടർ ഇമാൻ അൽ കുവാരി പറഞ്ഞു.
2030ഓടെ 90 ശതമാനം പൗര സേവനങ്ങളും ഡിജിറ്റൽവത്കരിക്കുക, ഉപയോക്തൃ സൗഹൃദ പ്ലാറ്റ്ഫോം നൽകുന്നതിലൂടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുതാര്യത, കാര്യക്ഷമത എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇമാൻ അൽ കുവാരി കൂട്ടിച്ചേർത്തു.
കസ്റ്റംസ് സംവിധാനങ്ങളിലെ പ്രധാന കുതിച്ചുചാട്ടമാണ് കസ്റ്റംസ് ഇ-മസാദ് എന്ന് ജനറൽ കസ്റ്റംസ് അതോറിറ്റിയിലെ ഇലക്ട്രോണിക് ഓക്ഷൻ പ്ലാറ്റ്ഫോം ടീം ലീഡ് ഹസൻ അലി അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

