സംസ്കൃതി ഖത്തർ ‘ഓണോത്സവം-25’ ശ്രദ്ധേയമായി
text_fieldsദോഹ: കേരളീയ സാംസ്കാരികത്തനിമകൾ നിറഞ്ഞ വൈവിധ്യങ്ങളായ കലാപരിപാടികൾ കോർത്തിണക്കി സംസ്കൃതി ഖത്തറിന്റെ ഓണാഘോഷ പരിപാടി ‘ഓണോത്സവം -25’ സംഘടിപ്പിച്ചു. മെഗാ അത്തപ്പൂക്കളം, കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ ഓണക്കളികളും സൗഹൃദ മത്സരങ്ങളും നടന്നു. തുടർന്ന് മെഗാ ഓണസദ്യയിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം രാജ്യസഭ എം.പി എ.എ. റഹീം ഉദ്ഘാടനം ചെയ്തു. കാൽ നൂറ്റാണ്ടായി ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിൽ കലാകായിക സാംസ്കാരിക സേവന പ്രവർത്തനങ്ങളിൽ മാനവികതയുയർത്തിപ്പിടിച്ചുള്ള സംസ്കൃതിയുടെ ഇടപെടലുകൾ അഭിമാനകരവും മാതൃകാപരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷനായിരുന്നു. ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. നോർക്ക ഡയറക്ടർ സി.വി. റപ്പായി, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, വനിതാവേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവർ സംസാരിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം സ്വാഗതവും പ്രോഗ്രം കമ്മിറ്റി കൺവീനർ സാൾട്ട്സ് സാമുവൽ നന്ദിയും പറഞ്ഞു.
കുട്ടികൾ അവതാരകരായി എത്തിയ പരിപാടിയിൽ തിരുവാതിര, കോൽക്കളി, കേരളീയ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കുട്ടികളുടെ ഫാഷൻ ഷോ, സംഘനൃത്തങ്ങൾ, ഓണപ്പാട്ടുകൾ, നൃത്തശിൽപങ്ങൾ, ഗാനമേള തുടങ്ങി സംസ്കൃതി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കനൽ മേളം സമിതിയുടെ പാഞ്ചാരിമേളം, കനൽ ഖത്തർ അവതരിപ്പിച്ച നാടൻ പാട്ടുകളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

