സംസ്കൃതി ഖത്തർ സാഹിത്യോത്സവം സമാപിച്ചു
text_fieldsസംസ്കൃതി ഖത്തർ സാഹിത്യോത്സവം പരിപാടിയിൽ നിന്ന്
ദോഹ: സംസ്കൃതി ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യോത്സവം സമാപിച്ചു. വക്റയിലെ ഡി.പി.എസ് എം.ഐ.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി കവിത, കഥ, ഉപന്യാസ, രചന മത്സരങ്ങൾ നടത്തി. മൺമറaഞ്ഞ മലയാള സാഹിത്യ കുലപതികളുടെ ചിത്രങ്ങളാൽ അലങ്കരിച്ച വേദിയിൽ മൂന്ന് ഘട്ടങ്ങളായാണ് പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സാഹിത്യോത്സവ പരിപാടികൾ നടന്നത്. പ്രവാസി സ്ത്രീകളുടെ എഴുത്തിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും അനുഭവങ്ങളും ചർച്ചയായ 'പ്രവാസം, സ്ത്രീ, എഴുത്ത്' എന്ന വിഷയത്തിൽ നടന്ന ആദ്യ ഭാഗത്തിൽ പ്രവാസി എഴുത്തുകാരികളായ ഷീല ടോമി, ഷമീന ഹിഷാ൦, സ്മിത ആദർശ് എന്നിവർ പങ്കെടുത്തു.
രണ്ടാം ഭാഗത്തിൽ ‘വളരുന്ന മലയാള സാഹിത്യലോകം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ കേരളത്തിലെ പ്രശസ്ത എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഷീല ടോമി, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
തങ്ങളുടെ സൃഷ്ടികളുടെ പിറവിയും അവയുടെ എഴുത്തു രീതികളും അനുഭവങ്ങളും വിവരിച്ച സെമിനാർ പ്രവാസി എഴുത്തുകാർക്കും സദസ്സിനും വേറിട്ട അനുഭവമായി. വർത്തമാനകാലത്തെ മാധ്യമ കാഴ്ചപ്പാടുകൾ ചർച്ച വിഷയമായ സദസ്സിനോട് സംവദിച്ച മാധ്യമ സെമിനാറിൽ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ എം.വി. നികേഷ് കുമാർ, ഷാനി പ്രഭാകരൻ, ശരത് ചന്ദ്രൻ (കൈരളി ന്യൂസ് എക്സിക്യുട്ടിവ് എഡിറ്റർ) എന്നിവർ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികൾക്കുള്ള സംസ്കൃതി ഉപഹാരങ്ങൾ ഭാരവാഹികൾ കൈമാറി.
സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം സിനി അപ്പുവിന്റെ കവിതസമാഹാരം ‘കവിത തുമ്പികൾ’ സുഭാഷ് ചന്ദ്രൻ പി.എൻ. ഗോപീകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. മത്സരവിജയികൾക്ക് സുബാഷ് ചന്ദ്രൻ, ഷീല ടോമി, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കഥരചനയിലും കവിതാരചനയിലും ഭവൻസ് പബ്ലിക് സ്കൂളിലെ സാൻസി ബിജീഷും ഉപന്യാസത്തിൽ പൊഡാർ പേൾ സ്കൂളിലെ നശ്വ ഇബ്രാഹിമും വിജയികളായി.
സംസ്കൃതി സ്ഥാപക നേതാക്കളും മുൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. സംസ്കൃതി ആർദ്ര നിലാവ് കവിതാലാപന മത്സരത്തിലെ വിജയികൾ കവിതകൾ ആലപിച്ചു. ചടങ്ങിൽ സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം സ്വാഗതവും സാഹിത്യ വിഭാഗം കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

